തുലാവര്‍ഷം ശക്തം: തൃശൂർ ജില്ലയിലെ സ്‌കൂളുകൾക്ക് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു

single-img
20 October 2019

കേരളത്തിൽ തുലാവര്‍ഷം ശക്തമായതോടെ തൃശൂരില്‍ നാളെ ഉച്ചയ്ക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അംഗനവാടി, സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയ ഉൾപ്പെടെ എല്ലാ വിഭാഗം സ്കൂളുകൾക്കും തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. അവധികാരണം നഷ്ടപ്പെടുന്ന അധ്യയന മണിക്കൂറുകൾ തുടർന്നുള്ള അവധി ദിവസങ്ങളിലായി ക്രമീകരിക്കുന്നതാണ് എന്നും അദ്ദേഹം അറിയിച്ചു.

അതേസമയം കേരളത്തിലെ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഇന്നും തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ നാളെയും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

22ആം തിയതി എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.