കെ സുരേന്ദ്രനെതിരെ നടക്കുന്നത് ചൈതന്യമുള്ളൊരു നേതാവിനെ താറടിച്ച് കാണിക്കാനുള്ള ശ്രമം: ശ്രീധരന്‍ പിള്ള

single-img
19 October 2019

സോഷ്യൽ മീഡിയയിൽ നടക്കുന്നത് കെ സുരേന്ദ്രനെ താറടിച്ചു കാട്ടാനുള്ള ശ്രമമാണ്‌ എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള. ചൈതന്യമുള്ള ഒരു നേതാവിനെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് കെ സുരേന്ദ്രനെതിരെ നടക്കുന്നതെന്നും കോന്നിയിലെ സ്ഥാനാര്‍ത്ഥിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന പ്രചരണങ്ങളെ ബിജെപി നേതാക്കള്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല യാത്രയിൽ കെ സുരേന്ദ്രന്‍ ലഹരി വസ്തു ഉപയോഗിക്കുന്നുവെന്ന ആരോപണത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇതാണ് സുരേന്ദ്രന് വേണ്ടി പിഎസ് ശ്രീധരന്‍ പിള്ള രംഗത്തെത്തിയത്. കേരളത്തിൽ ഇരു മുന്നണികളുടെയും അവിശുദ്ധ കൂട്ടുകെട്ടാണ് സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു. ആകെ 100 സീറ്റാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലുള്ളത്.പക്ഷെ നാല് വര്‍ഷമായി 44 കൗണ്‍സിലര്‍മാരുമായാണ് എല്‍ഡിഎഫ് ഭരിക്കുന്നതും ബജറ്റ് പാസാക്കുന്നതും വോട്ടെടുപ്പ് വിജയിക്കുന്നതുമൊക്കെ. ഇക്കാര്യത്തിൽ യുഡിഎഫ് ജനങ്ങളോട് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേപോലെ തന്നെ മഞ്ചേശ്വരത്തെ രണ്ട് പഞ്ചായത്തുകളിലും ഇടത് – വലത് മുന്നണികൾ പഞ്ചായത്ത് പ്രസിഡന്റ് പദവികള്‍ പങ്കിട്ടെടുക്കുകയാണ്. മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും ഇരു മുന്നണിയുടെയും അവിശുദ്ധ കൂട്ടുകെട്ടാണ്. ജനങ്ങൾ ഇടത് വലത് മുന്നണികള്‍ക്ക് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.