ബോക്സിംഗ് നിയമങ്ങളെക്കുറിച്ച് അറിയില്ലെങ്കിൽ മിണ്ടാതിരിക്കുന്നതാണ് നല്ലത്; അഭിനവ് ബിന്ദ്രക്ക് മേരി കോമിന്റെ മറുപടി

single-img
19 October 2019

ഇന്ത്യന്‍ ബോക്സിംഗ് ഇതിഹാസം മേരി കോമിനെതിരെ ട്രയൽസിന് അനുമതി നൽകണമെന്ന ആവശ്യത്തില്‍ യുവതാരം നിഖാത് സരീനെ പിന്തുണച്ച ഷൂട്ടിംഗ് താരവും ഒളിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാവുമായ അഭിനവ് ബിന്ദ്രക്ക് മറുപടിയുമായി ബോക്സിംഗ് താരം മേരി കോം.

ബോക്സിംഗിനെക്കുറിച്ച് കാര്യമായ ധാരണയില്ലാത്ത അഭിനവ് ബിന്ദ്ര ഇക്കാര്യത്തില്‍ അഭിപ്രായം പറയാതിരിക്കുന്നതാണ് ഉചതിമെന്ന് മേരി കോം പറഞ്ഞു. “ബിന്ദ്ര അദ്ദേഹത്തിന്റെ പണി ചെയ്യട്ടെ. ബോക്സിംഗിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കില്‍ അഭിപ്രായം പറയരുത്. ഞാന്‍ ഷൂട്ടിംഗിനെക്കുറിച്ച് അഭിപ്രായം പറയാറില്ലല്ലോ. ബോക്സിംഗിലെ നിയമങ്ങള്‍, പോയന്റ് സമ്പ്രദായം എന്നിവ അദ്ദേഹത്തിന് ഗ്രാഹ്യമില്ല. അതിനാല്‍ മിണ്ടാതിരിക്കുന്നതാണ് നല്ലത്”- മേരി കോം പറഞ്ഞു.

ഇന്ത്യന്‍ യുവതാരം നിഖാത് സരീന്‍ തന്റെ പേര് വീണ്ടും വീണ്ടും എന്തിനാണ് വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതെന്നറിയില്ലെന്നും മേരി കോം വ്യക്തമാക്കി. അവര്‍ക്ക് പ്രശസ്തിയാണ് ലക്ഷ്യമെങ്കില്‍ അതില്‍ എനിക്കൊന്നും പറയാനില്ല. രാജ്യത്തിനായി ഒളിംപിക്സിന് ആരെ അയക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ബോക്സിംഗ് ഫെഡറേഷന്‍ ആണ്. അവരാണ് തീരുമാനിക്കേണ്ടത് ആര് മെഡലുമായി തിരിച്ചുവരണമെന്ന്.”ഇവിടെ ഫെഡറേഷനോട് ട്രയല്‍സില്‍ പങ്കെടുക്കില്ലെന്നോ ഒളിംപിക്സിന് എന്നെ അയക്കണമെന്നോ ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല.

ഈ വിഷയത്തില്‍ ഫെഡറേഷന്‍ പ്രസിഡന്റ് അജയ് സിംഗ് ഉചിതമായ തീരുമാനം എടുക്കട്ടെ. ഫെഡറേഷന്‍ ആവശ്യപ്പെട്ടാല്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ തയാറാണെന്നും മേരി കോം വ്യക്തമാക്കി. ലോക ബോക്സിംഗ് ചാംപ്യന്‍ഷിപ്പില്‍ ഫൈനലില്‍ വരുന്ന വനിതാ താരങ്ങളെയും സെമിയിലെത്തുന്ന പുരുഷ താരങ്ങളെയും ചൈനയിൽ നടക്കുന്ന ഒളിംപിക്സ് യോഗ്യതാ ടൂര്‍ണമെന്‍റില്‍ പങ്കെടുപ്പിക്കുമെന്നായിരുന്നു ദേശീയ ബോക്സിംഗ് ഫെഡറേഷന്‍റെ പ്രഖ്യാപനം. പിന്നീട് ലോകചാംപ്യന്‍ഷിപ്പിലെ മെഡൽ ജേതാക്കള്‍ക്ക് ദില്ലിയിൽ ഒരുക്കിയ സ്വീകരണത്തിൽ, സെമിയിൽ തോറ്റ വനിതാതാരങ്ങളെയും ചൈനയിലേക്ക് അയക്കുമെന്ന് ഫെഡറേഷന്‍ നിലപാട് മാറ്റി.

ഈ തീരുമാനം നടപ്പായാല്‍ മേരി കോമിന് , ഇന്ത്യയിലെ ട്രയൽസിൽ മത്സരിക്കാതെ ചൈനയിലെ ടൂര്‍ണമെന്‍റിന് യോഗ്യത നേടാം. ഇതിനെയാണ് യുവതാരം നിഖാത് സരീന്‍ ചോദ്യം ചെയ്യുന്നത്.തനിക്ക് മേരി കോമിനോട് ബഹുമാനമുണ്ടെങ്കിലും സ്പോര്‍ട്സില്‍ ഇന്നലെകള്‍ക്ക് പ്രസക്തിയില്ലെന്ന് സരിനെ പിന്തുണച്ച് ബിന്ദ്ര കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.