കൊട്ടിക്കലാശം കഴിഞ്ഞു; ഇനി തെരഞ്ഞെടുപ്പ്; പ്രതീക്ഷയില്‍ മുന്നണികള്‍

single-img
19 October 2019

കൊട്ടിക്കലാശം കഴിഞ്ഞതോടെ കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. അവസാനം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പും പാലാ ഉപതെരഞ്ഞെടുപ്പും കഴിഞ്ഞ ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് ഇരുമുന്നണികള്‍ക്കും നിര്‍ണായകമാണ്.നിലവിൽ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ നാലും യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്. ഇതിൽ അരൂര്‍ മാത്രമാണ് എല്‍ഡിഎഫിനൊപ്പമുള്ളത്.

തലസ്ഥാനത്തെ വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്ത്, കോന്നിയില്‍ ജനീഷ് കുമാര്‍, അരൂരില്‍ മനു സി പുളിക്കല്‍, എറണാകുളത്ത് മനു റോയ്, മഞ്ചേശ്വരത്ത് ശങ്കര്‍ റെ എന്നിങ്ങനെയാണ് ഇടത് മുന്നണിയുടെ സ്ഥാനാര്‍ത്ഥി പട്ടിക.

യുഡിഎഫിന് വട്ടിയൂര്‍ക്കാവില്‍ മോഹന്‍ കുമാറും, കോന്നിയില്‍ മോഹന്‍രാജനും അരൂരില്‍ ഷാനി മോള്‍ ഉസ്മാനും എറണാകുളത്ത് ടി.ജെ വിനോദും മഞ്ചേശ്വരത്ത് കമറൂദ്ദീനും മത്സരിക്കുന്നു. നാല് സീറ്റുകളിൽ കോണ്‍ഗ്രസും ഒരു സീറ്റില്‍ മുസ്ലീം ലീഗുമാണ് മത്സരിക്കുന്നത്.

അതേസമയം വട്ടിയൂര്‍ക്കാവില്‍ എസ് സുരേഷ്, കോന്നിയില്‍ കെ സുരേന്ദ്രന്‍, അരൂരില്‍ പ്രകാശ് ബാബു, എറണാകുളത്ത് സി ജി രാജഗോപാല്‍, മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ടാര്‍ എന്നിവര്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്കായി മത്സരിക്കുന്നു. ഘടക കക്ഷിയായ ബിഡിജെഎസ് മത്സരിക്കില്ലെന്ന് അറിയിച്ചതോടെ ബിജെപി തന്നെയാണ് എല്ലായിടത്തും മത്സരിക്കുന്നത്.