നൊബേല്‍ ജേതാവ് ഇടത് ചായ്‌വുള്ള ആള്‍, അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതെന്ന് കേന്ദ്ര മന്ത്രി

single-img
18 October 2019

2019 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാര ജേതാവ് അഭിജിത് ബാനര്‍ജി ഇടതു ചായ്‌വുള്ളയാളാണെന്നും, അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. നോബൽ പുരസ്‌ക്കാര ലബ്ദിയിൽ സാമ്പത്തിക വിദഗ്ധന്‍ അഭിജിത് ബാനര്‍ജിയെ അഭിനന്ദിച്ച അടുത്ത നിമിഷമായിരുന്നു പീയൂഷിന്റെ പ്രതികരണം.

‘അഭിജിത് ബാനര്‍ജിക്ക് ലഭിച്ച നൊബേലിൽ ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. എന്നാൽ നിങ്ങള്‍ക്കെല്ലാവര്‍ക്കുമറിയാം എന്തായിരുന്നു അദ്ദേഹത്തിന്റെ ധാരണകളെന്ന്. അദ്ദേഹത്തിന്റെ ചിന്തകളെല്ലാം ഇടതു ചായ്‌വുവെച്ചു പുലര്‍ത്തുന്നവയാണ്. ബാനർജി ന്യായ് പദ്ധതിയെ പരിപോഷിപ്പിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ചിന്തകളെ ഇന്ത്യയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു’. പിയുഷ് ഗോയല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഈ വര്ഷം എസ്തര്‍ ഡഫ്‌ളോക്കും മൈക്കല്‍ ക്രെമറിനും ഒപ്പം സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം പങ്കിട്ട അഭിജിത് ബാനര്‍ജി ബി.ജെ.പിയെയും കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെയും കടുത്ത വിമര്‍ശകനാണ്. ‘ പുരസ്‌ക്കാര നേട്ടത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നു, മാത്രമല്ല ഒരു ഇന്ത്യക്കാരനാണ് എന്നതില്‍ ഞാന്‍ അഭിമാനിക്കുകയും ചെയ്യുന്നു. എന്നാൽ നമ്മള്‍ അദ്ദേഹത്തോട് യോജിക്കണം എന്നു നിര്‍ബന്ധമില്ലല്ലോ. ജനങ്ങള്‍ തന്നെ അദ്ദേഹത്തിന്റെ നിര്‍ദേശം തള്ളിക്കളഞ്ഞിട്ടുണ്ടെന്നും ഗോയല്‍ പറഞ്ഞു.