രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എൻഎസ്എസിന്റെ ഓഫീസിൽ പോയി അനുവാദം ചോദിച്ചല്ല: കാനം

single-img
18 October 2019

തെരഞ്ഞെടുപ്പിൽ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ പറഞ്ഞാണ് ഇടത് മുന്നണി വോട്ടുപിടിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇവിടുള്ള ഓരോ സമുദായ സംഘടനകള്‍ക്കും അവരുടേതായ നിലപാടുണ്ടാകും. അവർക്കൊക്കെ അതിനുള്ള സ്വാതന്ത്ര്യമുണ്ട്. എൻഎസ്എസ് ഓഫീസിൽ പോയി അനുവാദം ചോദിച്ചല്ല രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

എൻഎസ്എസ് ചെയ്യുന്ന വോട്ടുപിടുത്തം സംബന്ധിച്ച പരാതി പരിശോധിക്കേണ്ടത് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ്. അതിന് രാഷ്ട്രീയ പാർട്ടികൾക്ക് അവകാശമില്ല. വിമോചന സമരത്തെ ധീരമായി കമ്മ്യൂണിസ്റ്റു പാർട്ടി അതിജീവിച്ചിട്ടുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

കേരളത്തിലെ ഉപതെരഞ്ഞെടുപ്പിൽ സമുദായത്തിൻറെ പേരിലുള്ള വോട്ട് ചോദ്യത്തിൽ പരാതി കിട്ടിയാൽ നടപടിയെടുക്കുമെന്ന് ഇന്നലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് വട്ടിയൂർക്കാവില്‍ ജാതി പറഞ്ഞ് വോട്ട് ചോദിക്കുന്നുവെന്ന് കാണിച്ച് എൻഎസ്എസ്സിനെതിരെയും യുഡിഎഫ് സ്ഥാനാർത്ഥി കെ മോഹൻ കുമാറിനെതിരെയും സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.

ഈ പരാതിയുടെ ഉള്ളടക്കം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കാനാണ് ടിക്കാറാം മീണയുടെ തീരുമാനം. സമുദായ സംഘടനകൾക്ക് അവരുടെ ഭരണഘടനയില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെങ്കില്‍ അവര്‍ രാഷ്ട്രീയ കക്ഷിയാകുന്നതാണ് നല്ലതെന്നും ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു.