ഐ എസ് എല്‍ ആറാം സീസണ്‍; പ്രതീക്ഷകളോടെ കേരളാ ബ്ലാസ്‌റ്റേഴ്‌സ്

single-img
18 October 2019

ഐഎസ്എല്‍ ആറാം സീസണ്‍ ഇനി ശേഷിക്കുന്നത് രണ്ടു ദിവസങ്ങള്‍ മാത്രമാണ്. മുന്‍ വര്‍ഷങ്ങളിലേതു പോലെ അവകാശവാദങ്ങളുമായല്ല മറിച്ച് ഏറെ പ്രതീക്ഷകളോടെയാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് എത്തുന്നത്. വ്യക്തമായ ലക്ഷ്യത്തോടെ പക്വതയാര്‍ന്ന ടീമിന്റെ ഒരുക്കങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക.

കഴിഞ്ഞ രണ്ടു സീസണിലും കളത്തിനു പുറത്തായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആവേശം. എന്നാല്‍ പരിശീലകന്‍ ഷിറ്റോരിയുടെ നേതൃത്വത്തില്‍ കരുത്താര്‍ജിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണയെത്തുക. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സെമി വരെയെത്തിച്ചയാളാണ് ഷിറ്റോരി.

ഷറ്റോരി വന്നതും അദ്ദേഹം എടുത്ത താരങ്ങളും ക്ലബ് റിലീസ് ചെയ്ത താരങ്ങളുമൊക്കെ നല്ലതിന്റെ സൂചനകള്‍ മാത്രമായിരുന്നു. ഒഗ്ബെചെ, ആര്‍ക്കസ്, സുയിവര്‍ലൂണ്‍, സിഡോഞ്ച എന്നിങ്ങനെ ഐ എസ് എല്ലില്‍ കഴിഞ്ഞ സീസണില്‍ കഴിവ് തെളിയിച്ച താരങ്ങള്‍ ബ്ലാസ്റ്റേഴ്സി എത്തി. ഒപ്പം രാഹുലിനെയും, സാമുവലിനെയും പോലെ വിലമതിക്കാനാവാത്ത യുവതാരങ്ങളും.

ഒക്ടോബര്‍ 20ന് കൊച്ചിയില്‍ വെച്ച്‌ എ ടി കെയെ നേരിട്ട് കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് സീസണ്‍ ആരംഭിക്കുന്നത്. കിരീടം എന്ന പ്രതീക്ഷയൊക്കെ എല്ലാ ആരാധകര്‍ക്കും ഉണ്ട് എങ്കിലും ഇത്തവണ കുറച്ചു കൂടെ ക്ഷമയോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ സീസണെ നോക്കുന്നത്.