ഇന്ത്യയിലേക്കുള്ള സ്വർണ കടത്തിന്റെ മൂന്നിലൊന്ന് കേരളത്തിലേക്കെത്തുന്നു; വെളിപ്പെടുത്തലുമായി കസ്റ്റംസ്

single-img
18 October 2019

ഇന്ത്യയിലേക്കൊഴുകുന്ന സ്വർണ കടത്തിൻറ മൂന്നിലൊന്ന് കേരളത്തിലേക്കാണെത്തുന്നതെന്ന് കസ്റ്റംസ് കമ്മീഷണർ സുമിത്ത് കുമാർ. കേരളത്തിൽ നിന്നും ഈ സാമ്പത്തിക വർഷം മാത്രം 44 കോടിയുടെ അനധികൃത സ്വർണം കസ്റ്റംസ് പിടികൂടിയതായും കമ്മീഷണർ അറിയിച്ചു. തിരുവനന്തപുരത്തെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ പ്രതിവർഷം 100 കോടിയുടെ സ്വർണ കള്ളകടത്ത് നടക്കുന്നവെന്നാണ് അനുമാനം.

ഇവയുടെ മൂന്നിലൊന്നും കേരളത്തിൽ നടക്കുന്നുവെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ഇത്തരത്തിൽ കള്ളകടത്ത് വർദ്ധിക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കസ്റ്റസും അതീവ ജാഗ്രത പുലർത്തുകയാണെന്ന് കസ്റ്റംസ് കമ്മീഷണര്‍ വ്യക്തമാക്കി. അതോടൊപ്പം കേരളത്തിലെ കള്ളകടത്ത് കേസുകളുടെ എണ്ണത്തിലും വർദ്ധനയുണ്ടായി.

കഴിഞ്ഞ സാമ്പത്തിക വ‌ർഷത്തിൽ 28 കോടിയുടെ സ്വർണമാണ് പിടികൂടിയതെങ്കിൽ ഈ സാമ്പത്തിക വർഷം സെപ്തംബർ 30വരെ പിടികൂടിയത് 44 കോടിയുടെ സ്വർണമാണ്. അവസാന രണ്ട് ദിവസങ്ങളിൽ മാത്രം കസ്റ്റംസ് നടത്തിയ പ്രത്യേക ഓപ്പറേഷിലൂടെ 123 കിലോ സ്വർണം പിടികൂടിയെന്നും കസ്ററംസ് കമ്മീഷണർ പറഞ്ഞു.മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് കടത്തുന്ന സ്വർണമാണ് പിടികൂടിയത്.

ഇതിൽ ഏറ്റവും കൂടുതൽ സ്വ‍ർണ കടത്ത് പിടികൂടിയത് കരിപ്പൂർ വിമാനത്താവളത്തിലാണെന്ന് കസ്റ്റംസ് കമ്മീഷണ‌ർ പറഞ്ഞു. ഇവിടെ മാത്രം 84 കിലോ സ്വർണം കടത്തിയതിന് 175 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേപോലെ തന്നെ സ്വർണ കടത്തിനെ കുറിച്ച് വിവിരങ്ങൾ നൽകുന്നവർക്ക് ഉയർന്ന പ്രതിഫലം നൽകുമെന്നും കസ്റ്റംസ് കമ്മീഷണ‌ർഅറിയിച്ചു.