ജസ്റ്റിസ് ബോബ്ഡെയെ തന്റെ പിൻഗാമിയാക്കാൻ ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി

single-img
18 October 2019

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേയ്ക്ക് തന്റെ പിൻഗാമിയായി ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ പേര് നിർദ്ദേശിച്ച് ജസ്റ്റിസ് രഞ്ജൻ ഗോഗോയി. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിനയച്ച കത്തിലാണ് അദ്ദേഹം ജസ്റ്റിസ് ബോബ്ഡെയെ ചീഫ് ജസ്റ്റിസ് ആയി നിയമിക്കുവാൻ ശുപാർശ ചെയ്തത്. വരുന്ന നവംബർ 17-നാണ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി വിരമിക്കുന്നത്.

നിലവിൽ ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ ഏറ്റവും സീനിയർ ആയ സുപ്രീം കോടതി ന്യായാധിപനാണ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ. 2021 ഏപ്രിൽ 23 വരെയാണ് സുപ്രീം കോടതിയിൽ ജസ്റ്റിസ് ബോബ്ഡെയുടെ കാലാവധി. മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ബോബ്ഡെ നിരവധി നിർണ്ണായകമായ വിധികൾ പുറപ്പെടുവിച്ച ബെഞ്ചുകളിൽ ഉണ്ടായിരുന്ന ന്യായാധിപനാണ്.

നിലവിലെ ചീഫ് ജസ്റ്റിസ് തനിക്ക് താഴെ ഏറ്റവും സീനിയർ ആയ ന്യായാധിപന്റെ പേര് ചീഫ് ജസ്റ്റിസ് സ്ഥാനത്തേയ്ക്ക് ശുപാർശ ചെയ്യുന്നതാണ് സുപ്രീം കോടതിയിലെ കീഴ്വഴക്കം. അതനുസരിച്ചാണ് ജസ്റ്റിസ് ഗോഗോയി നിയമമന്ത്രിയ്ക്ക് കത്തയച്ചത്. സുപ്രീം കോടതിയിലെ 46-ആമത് ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജൻ ഗോഗോയി അയോധ്യ ഭൂമി തർക്കക്കേസ്, അസം ദേശീയ പൌരത്വ രജിസ്റ്റർ കേസ് എന്നിവയുൾപ്പടെ നിരവധി നിർണ്ണായകമായ കേസുകൾ പരിഗണിച്ച ബെഞ്ചുകളുടെ തലവനായിരുന്നു.

സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 62-ൽ നിന്നും 65 ആയി ഉയർത്തണമെന്ന ഒരു നിർദ്ദേശവും ജസ്റ്റിസ് രഞ്ജൻ ഗോഗോയി മുന്നോട്ടു വെച്ചിട്ടുണ്ട്.

Highlights: Chief Justice of India Ranjan Gogoi Thursday in a letter to Union Law Minister Ravi Shankar Prasad recommended Justice Sharad Arvind Bobde as his successor