ഇന്ത്യയുടെ സ്വാതന്ത്യ സമര ചരിത്രം മാറ്റി എഴുതേണ്ട സമയമായി; ചരിത്രകാരന്മാര്‍ തയാറാകണമെന്ന് അമിത് ഷാ

single-img
17 October 2019

രാജ്യത്തിന്‍റെ രാഷ്ട്രീയ – സ്വാതന്ത്യ സമര ചരിത്രം മാറ്റി എഴുതേണ്ട സമയമായെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയുടെ ശരിയായ കാഴ്ച്ചപാടില്‍ ചരിത്രം മാറ്റി എഴുതാന്‍ ചരിത്രകാരന്‍മാര്‍ തയ്യാറാകണമെന്നും ഷാ ആഹ്വാനം ചെയ്തു. എന്നാല്‍, ഇത് സവര്‍ക്കര്‍ക്ക് വേണ്ടിയല്ല, 1857 ല്‍ ഉണ്ടായ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ശിപായി ലഹളയായി വിലയിരുത്തുന്നത് ഒഴിവാക്കപ്പെടണമെന്നതിനാലാണ് ചരിത്രം മാറ്റി എഴുതണമെന്ന് ആവശ്യപ്പെടുന്നതെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

അതിന് കാരണം ശിപായി ലഹളയെന്നത് ബ്രിട്ടിഷുകാരുടെ കാഴ്ചപ്പാടിലെ ചരിത്ര നിര്‍മ്മാണമാണെന്നും ഇന്ത്യയുടെ കാഴ്ചപാടില്‍ ഒന്നാം സ്വാതന്ത്ര്യസമരമാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാരണത്താലാണ് ഇന്ത്യയുടെ കാഴ്ചപ്പാടിലൂടെ ചരിത്രം മാറ്റി എഴുതണമെന്ന് ആവശ്യപ്പെടുന്നതെന്നും ഷാ വ്യക്തമാക്കി.

യുപിയിലെ വരാണസിയില്‍ നടക്കുന്ന അന്താരാഷ്ട്രാ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു ഷായുടെ ആഹ്വാനം. ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടെ ആരെയും അപമാനിക്കുന്നതരത്തിലുള്ള ചരിത്രം എഴുതണമെന്നല്ല, മറിച്ച് ഇന്ത്യക്കാരുടെ കാഴ്ചപ്പാട് കൂടി ഇന്ത്യാചരിത്രത്തില്‍ ആവശ്യമാണെന്നാണ് പറയുന്നതെന്നും അമിത് ഷാ വ്യക്തമാക്കി. രാജ്യത്തിന്‍റെ ചരിത്രത്തില്‍ വലിയ സംഭാവന നല്‍കിയവരുടെ കാര്യം പലപ്പോഴും വിസ്മരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.