77 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് കണ്ടെത്തല്‍; എംകെ രാഘവന്‍ എംപി ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ വിജിലന്‍സ് കേസ്

single-img
17 October 2019

അഴിമതി കേസിൽ എംകെ രാഘവന്‍ എംപി ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂർ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള സ്‌റ്റേറ്റ് അഗ്രിക്കള്‍ച്ചറല്‍ കോ. ഓപ്. സൊസൈറ്റിയില്‍ 77 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ്. 2002 -14 കാലയളവിൽ എംകെ രാഘവന്‍ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയര്‍മാന്‍ ആയിരുന്നു.

സംസ്ഥാന സഹകരണ വിജിലന്‍സ് ഡിവൈഎസ്പി മാത്യു രാജ് കള്ളിക്കാടന്‍ നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി വി മധുസൂദനന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എംപി ചെയർമാനായ കാലയളവിൽ സൊസൈറ്റിക്ക് സര്‍ക്കാരില്‍ നിന്നും ലഭിച്ച ഗ്രാന്‍ഡ്, വായ്പ എന്നിവ തിരിമറി നടത്തി 77 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്.

ധനാപഹരണം, വ്യാജരേഖയുണ്ടാക്കല്‍, ഗൂഢാലോചന, അധികാര ദുര്‍വിനിയോഗം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. സൊസൈറ്റിയുടെ ജനറല്‍ മാനജേര്‍ പിവി ദാമോദരനാണ് ഒന്നാം പ്രതി. രണ്ടാംപ്രതി എം ഡി. ബൈജു രാധാകൃഷ്ണന്‍. നിലവിൽ എംപിയായ എംകെ രാഘവന്‍ മൂന്നാം പ്രതിയാണ്.സ്ഥാപനത്തിലെ പത്തു ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ് മറ്റ് പ്രതികള്‍.