കാമുകൻ കഴുത്ത് ഞെരിച്ച് കൊന്നു; അമ്പൂരി രാഖി കൊലക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

single-img
17 October 2019

അമ്പൂരി സ്വദേശിനിയായ രാഖിയുടെ കൊലപാതകത്തിൽ മൂന്നു പ്രതികൾക്കെതിരെ പോലീസ് കുറ്റപത്രം സമ‍ർപ്പിച്ചു. കേസിലെ ഒന്നാം പ്രതിയും രാഖിയുടെ കാമുകനുമായ അഖിലാണ് കഴുത്തു ഞെരിച്ച് കൊന്നതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

പോലീസ് പ്രതികളെ അറസ്റ്റ് ചെയ്ത 83ആം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്. രാഖിയുടെ കാമുകനായ അഖിൽ, സഹോദരൻ രാഹുൽ, ഇവരുടെ സുഹൃത്ത് ആദര്‍ശ് എന്നിവരാണ് പ്രതികള്‍. അഖിലും രാഖിയും എറണാകുളത്ത് വച്ച് രഹസ്യമായി വിവാഹം കഴിച്ചു.എന്നാൽ ഇതിനിടെ അഖിൽ മറ്റൊരു പെണ്‍കുട്ടിയുമായി അടുക്കുകയും വിവാഹം നിശ്ചയിക്കുകയും ചെയ്തു.

ഈ ബന്ധത്തെ രാഖി എതി‍ർത്തതിനെ തുടർന്നാണ് കൊലപാതകം പ്രതികള്‍ ചേർന്ന് ആസൂത്രണം ചെയതതെന്നാണ് കുറ്റപത്രം. കഴിഞ്ഞ ജൂണ്‍ 21ന് അഖിൽ നെയ്യാറ്റിൻകരയിലേക്ക് രാഖിയെ വിളിച്ചുവരുത്തി. സുഹൃത്തിൻറെ കാറില്‍ കയറ്റി അമ്പൂരിയിൽ പണി കഴിപ്പിക്കുന്ന വീട്ടിലേക്ക് കൊണ്ടുപോയി.

ഈ യാത്രയിൽ വഴിമധ്യേ വച്ച് കാറിൽ കയറിയ രാഹുലാണ് പിന്നീട് വാഹനമോടിച്ചത്. ഈ സമയം പിൻസീറ്റിലിരുന്ന അഖിൽ രാഖിയുടെ കഴുത്തു ആദ്യം ഞെരിച്ചു, അതിന് ശേഷം സീറ്റ് ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് മരണം ഉറപ്പാക്കി. പിന്നീട് ഒന്നും രണ്ടും പ്രതികളും അയ‌ൽവാസിയുമായ ആദർശും ചേർന്ന് മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചുമൂടി.

തെളിവുകൾ നശിപ്പിക്കാനായി രാഖിയുടെ വസ്ത്രങ്ങളും ബാഗും മൊബൈലും പ്രതികള്‍ പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചു. അന്വേഷണത്തെ തുടർന്ന് ജൂലൈ 26നാണ് രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിന് ഒരാഴ്ചക്കുള്ളിൽ പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. പോലീസ് നെയ്യാറ്റിൻകര കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ 115 സാക്ഷികളും 150 ലേറെ തൊണ്ടിമുതലുകളുമുണ്ട്.

പൂവാർ സിഐയായ രാജീവിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ ഇപ്പോഴും റിമാൻഡിലാണ്.