കേരളത്തിലെ എൻഡിഎ മുന്നണി സംവിധാനം ദുർബലം; അൽപ്പം ജാതി പറയാതെ വോട്ട് കിട്ടില്ല: തുഷാർ വെള്ളാപ്പള്ളി

single-img
17 October 2019

ഉപതെരഞ്ഞെടുപ്പിലെ പ്രവ‍ർത്തനങ്ങൾക്കായി അരൂരിൽ ഇന്ന് ചേർന്ന കൺവെൻഷനിൽ ബിജെപിയെ വിമർശിച്ച് ബിഡിജെഎസ് നേതാക്കൾ. സംസ്ഥാനത്തെ ബിജെപിക്ക് നേതൃപാടവം ഇല്ലെന്നും മുന്നണി സംവിധാനം ദുർബലമാണെന്നും കേന്ദ്ര നേതൃത്വത്തോട് മാത്രമാണ് ബിഡിജെഎസിന് യോജിപ്പെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. കേരളത്തിൽ എല്ലാ രാഷ്ട്രീയ പാ‌ർട്ടികളും ജാതി പറഞ്ഞാണ് വോട്ട് പിടിക്കുന്നത്. അൽപ്പം ജാതി പറയാതെ വോട്ട് കിട്ടില്ല.

എസ്എൻഡിപിയുടെ വോട്ടുകൾ ഒരു പാർട്ടിക്ക് മാത്രമായി ലഭിക്കില്ലെന്നും അരൂരിലെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ തുഷാ‌ർ വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തില്‍ നടക്കില്ല എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും വിമർശനത്തിന് പിന്നാലെയാണ് തുഷാറിന്റെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. കേരളത്തിൽ എൻഡിഎക്ക് നേതൃത്വം കൊടുക്കുന്നവർക്ക്‌ ഭാവനയില്ലെന്നും ഭാവനയില്ലെങ്കിൽ കക്ഷികൾ വിട്ടുപോകുമെന്നും ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി പി ടി മൻമദണ് പറഞ്ഞു.

മാത്രമല്ല കേരളത്തിൽ അധികാരത്തിന്റെ രാഷ്ട്രീയത്തിലേക്ക് വരുന്നതിനെ കുറിച്ചു ബിഡിജെഎസ് ആലോചിക്കണമെന്നും മൻമദൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത തുഷാ‌ർ പാലയിൽ അടക്കം ബിഡിജെഎസ് നേരിട്ട ആക്ഷേപങ്ങൾ അക്കമിട്ട് നിരത്തി.

പാലാ ഉപതെരഞ്ഞെടുപ്പിൽ ബിഡിജെഎസ് വോട്ട് ചോർന്നിട്ടില്ലെന്ന് തുഷാ‌ർ വെള്ളാപ്പള്ളി ആവ‌ർത്തിച്ചു. ബിജെപിയുടെ ഉള്ളിൽ നേതാക്കൾക്കുള്ള ത‌ർക്കം തങ്ങളുടെ തലയിൽ വച്ച് ബിഡിജെഎസ് വോട്ടു മറിച്ചുവെന്ന ആക്ഷേപം നിലനിൽക്കെ മത്സരരം​ഗത്തിറങ്ങുന്നത് അപകടം ആയിരുന്നുവെന്നും തുഷാ‌ർ പറഞ്ഞു.