അന്വേഷണത്തില്‍ കുടുങ്ങി പിഎംസി ബാങ്ക് എംഡി; മതം മാറ്റം, അവിഹിതബന്ധം തുടങ്ങി പുറത്തുവന്നത് ജോയ് തോമസിന്റെ ഇരട്ടമുഖം

single-img
17 October 2019

മുംബൈ: മുംബൈയില്‍ പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റിവ് ബാങ്ക് എന്ന പിഎംസി ബാങ്കിന്റെ എംഡി ആയിരുന്നു മലയാളിയായ ജോയ് തോമസ് . ബാങ്കിനെതിരെ ഈയിടെ ഒരു വിവാദം ഉയര്‍ന്നുവന്നു. തകര്‍ന്നു നില്‍ക്കുന്ന ഹൗസിങ്ങ് ഡെവലപ്പ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് എന്ന ധനകാര്യസ്ഥാപനത്തിന് കടം അനുവദിച്ച് 6500 കോടിയിലധികം രൂപയുടെ കിട്ടാക്കടം ഉണ്ടാക്കി. ഈ വിഷയത്തില്‍ നടന്ന നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എക്കണോമിക് ഒഫെന്‍സസ് വിങ്ങ് ഒക്ടോബര്‍ 9 -ന് ജോയ് തോമസ്, എച്ച്ഡിഐഎല്‍ തലവന്മാരായ രാജേഷ് വാധ്വാന്‍, മകന്‍ സാരംഗ്, ബാങ്ക് മുന്‍ ചെയര്‍മാന്‍ വാര്യം സിങ്ങ് എന്നിവരെ അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി അനുവദിച്ച വായ്പകളിലെ കിട്ടാക്കടം മറച്ചുവെക്കാന്‍ വേണ്ടി അവയെ 21,000 വ്യാജ ലോണുകളാക്കി മാറ്റി എന്നതാണ് ബാങ്കിന്റെ എംഡിക്കും ചെയര്‍മാനും എതിരെ ഉയര്‍ന്ന പ്രധാന ആരോപണം.

കേസന്വേഷണം വന്നതോടെ ബാങ്കിനുമേല്‍ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. നിക്ഷേപകര്‍ക്ക് പിന്‍വലിക്കലിന് പരിധി ഏര്‍പ്പെടുത്തിയതോടെ കസ്റ്റമേഴ്സ് നിക്ഷേപങ്ങള്‍ പിന്‍വലിക്കാനായി ബാങ്കിലെത്തി. ഒരു ‘ബാങ്ക് റണ്‍’ സാഹചര്യം തന്നെ സൃഷ്ടിക്കപ്പെട്ടു. അത്യാവശ്യങ്ങള്‍ക്കായി പണം ബാങ്കിലിട്ട പലരും ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്. പലരും ആത്മഹത്യയുടെ വക്കിലെത്തി.

എന്നാല്‍, ആരുമറിയാതെ ഒരു ഇരട്ട ജീവിതം നയിക്കുകയായിരുന്നു ജോയ്. മുംബൈയില്‍ ഭാര്യയുമൊത്ത് സമാധാനപൂര്‍ണമായ ദാമ്പത്യജീവിതം നയിക്കുന്നതിനിടെയാണ് ജോയ് തോമസ് ഓഫീസിലെ തന്റെ പേഴ്സണല്‍ അസിസ്റ്റന്റുമൊത്ത് അവിഹിതബന്ധത്തിലേക്ക് കടന്നു. ആ ബന്ധത്തിന്റെ കുരുക്ക് മുറുകി ഒടുവില്‍ 2005 -ല്‍ അവരെ വിവാഹം കഴിക്കേണ്ടി വന്നു ജോയിക്ക്. അതിനു വേണ്ടി ആദ്യം കാമുകിയെക്കൊണ്ട് തന്റെ ജോലി രാജിവെപ്പിച്ചു.അവരെ പുണെയിലേക്ക് പറഞ്ഞയച്ചു. ബിസിനസ് ട്രിപ്പിനെന്ന ഭാവേന പുണെയിലേക്ക് ചെന്ന ജോയ്, അവിടെ വെച്ച് ജുനൈദ് ഖാന്‍ എന്ന പേരില്‍ ഇസ്ലാം മതം സ്വീകരിച്ചു. എന്നിട്ട് തന്റെ സെക്രട്ടറിയെ വിവാഹം ചെയ്തു. ബിസിനസ്സ് ട്രിപ്പുകളുടെ പേരില്‍ മുംബൈയില്‍ നിന്നും പുനെയില്‍ പോയി കുടുംബ ജീവിതം നടത്തി. രണ്ടാം ഭാര്യയുടെ പേരില്‍ ജുനൈദ് ഖാന്‍ എന്ന ജോയ് തോമസ് പുണെ നഗരത്തില്‍ ഫ്‌ളാറ്റുകള്‍ വാങ്ങിക്കൂട്ടി. ഭാര്യയ്ക്ക് വേണ്ടി പുതിയ ബിസിനസുകള്‍ തുടങ്ങി.

അന്വേഷണം ചെന്നെത്തിയത് ജോയ് തോമസിന്റെ പുണെയിലെ അനധികൃതമായ സ്വത്തുസമ്പാദനത്തിലേക്കും, അവിടെ മതം മാറി, രണ്ടാം ഭാര്യയുമൊത്തുള്ള രഹസ്യ ജീവിതത്തിലുമാണ്. അതേപ്പറ്റിയുള്ള സകല കഥകളും മുംബൈയിലെ പത്രങ്ങള്‍ ആഘോഷമാക്കി മാറ്റി. അതോടെ ആദ്യ ഭാര്യ ജോയ് തോമസുമായി പിണങ്ങി. അവര്‍ വിവാഹമോചനത്തിന് വേണ്ടി കോടതിയെ സമീപിച്ചിരിക്കുകയാണ്. അതിനും പുറമെയാണ് ഇപ്പോള്‍ ജോയ് തോമസിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നതും തടവിലാക്കിയിരി ക്കുന്നതും.