തുലാവര്‍ഷം കനക്കുന്നു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; പൊന്മുടിയിലേക്കുള്ള യാത്ര നിരോധിച്ചു

single-img
17 October 2019

കേരളത്തിൽ തുലാവർഷം ശക്തിപ്രാപിക്കാന്‍ തുടങ്ങിയതിന് പിന്നാലെ പല സ്ഥലങ്ങളിലും ഇന്ന് ശക്തമായ മഴ പെയ്തു. ഇതിനെ തുടർന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കലാവസ്ഥാ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

അതേപോലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ശക്തമായ മഴയിൽ തിരുവനന്തപുരത്തെ ഹില്‍ സ്റ്റേഷന്‍ പൊന്മുടിയിലേക്കുള്ള യാത്ര രണ്ട് ദിവസത്തേക്ക് നിരോധിച്ചു.

മേഖലയിലെ പൊന്മുടി, കല്ലാര്‍ അഗസ്ത്യാര്‍ ഭാഗങ്ങളിൽ ഇന്ന് രാവിലെ 11 മണി മുതല്‍ ശക്തമായ മഴ പെയ്തിരുന്നു. ഇതിൽ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും മലവെള്ളപ്പാച്ചിലില്‍ പൊന്നാന്‍ചുണ്ട് പാലവും മണലിപ്പാലവും മുങ്ങുകയും ചെയ്തു. ഇതിനെ തുടർന്നാണ് യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. കിള്ളിയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

കോഴിക്കോട് ജില്ലയിലെ ബാലുശേരിക്കടുത്ത് കൂട്ടാലിടയില്‍ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് താഴ്ന്നപ്രദേശങ്ങിലെ വീടുകളില്‍ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ റോഡിലും വെള്ളം കയറി. ജില്ലയിലെ കണ്ണാടിപൊയില്‍, പാത്തിപ്പാറ പ്രദേശങ്ങളില്‍ മണ്ണൊലിപ്പിനെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

അതേപോലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി , പാലക്കാട് ,മലപ്പുറം കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതൽ രാത്രി 10 വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. ഈ സമയം മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുമുണ്ട്.