മോ‍ഡറേഷനെ മാർക്ക് ദാനം എന്ന് വിളിക്കുന്നു; ചെന്നിത്തലയുടെ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഉന്നയിക്കുന്നതാണെന്ന് കെ ടി ജലീൽ

single-img
17 October 2019

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ മാ‌‌ർക്കുദാന വിവാദത്തിൽ ചെന്നിത്തലയെ തള്ളി വീണ്ടും മന്ത്രി കെ ടി ജലീൽ. രമേശ് ചെന്നിത്തല പറയുന്നത് പച്ചക്കള്ളമെന്ന് ആരോപണങ്ങൾക്ക് മന്ത്രി മറുപടി നൽകി. സർവ്വകലാശാലയുടെ അദാലത്തിൽ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തിട്ടില്ല എന്ന് പറഞ്ഞിട്ടില്ലെന്നും ഒപ്പിട്ടിട്ടില്ല എന്നാണ് പറഞ്ഞതെന്നും മന്ത്രി വിശദീകരിച്ചു.

രമേശ് ചെന്നിത്തല ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയായി പ്രമുഖനേതാവിന്റെ മകന്റെ സിവിൽ സർവ്വീസ് ജയം സംശയാസ്പദമെന്നും ഇതിൽ അന്വേഷണത്തെ കുറിച്ച് സർക്കാർ ആലോചിക്കും എന്നും മന്ത്രി തിരിച്ചടിച്ചു. മാത്രമല്ല, സർവകലാശാലയുടെ മോ‍ഡറേഷനെ മാർക്ക് ദാനം എന്ന് വിളിക്കുന്ന ചെന്നിത്തല തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഉന്നയിക്കുന്നതാണ് ഈ ആരോപണങ്ങളെന്നും കെ ടി ജലീൽ കുറ്റപ്പെടുത്തി.

ഇന്ന് മന്ത്രിയെ മാറ്റി നിർത്തി കൊണ്ടുള്ള ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു. സർവകലാശാല മോ‍ഡറേഷൻ ഇന്നലെ തുടങ്ങിയതല്ല, ആ ആനുകൂല്യം പല കുട്ടികൾക്കും ലഭിച്ചിട്ടുള്ളതാണ്. ഇത് നിർത്തണമെങ്കിൽ അത് പ്രതിപക്ഷ നേതാവ് പറയണമെന്നും അപ്പോൾ അത് പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു.