യുപിയിൽ മകന്റെ മുന്നിൽ വെച്ച് പിതാവിനെ പൊലീസ് ഇടിച്ചുകൊന്നു: മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

single-img
16 October 2019

കസ്റ്റഡിയിലെടുത്ത യുവാവിനെ മകന്റെ മുന്നിൽ വെച്ച് മർദ്ദിച്ചു കൊലപ്പെടുത്തിയതായി പരാതി. ഉത്തർപ്രദേശിലെ ഹാപ്പൂർ ജില്ലയിലുള്ള പിൽഖുവായിലാണ് സംഭവം.

പിൽഖുവാ സ്വദേശിയായ പ്രദീപ് തോമറിനെ (35) ഞായറാഴ്ച മുതലാണ് കാണാതെയായത്.തന്റെ ഇളയ സഹോദരന്റെ ബൈക്കിന്റെ ടയർ പങ്ചർ ആയതിനാൽ സഹായിക്കാൻ വേണ്ടി വീട്ടിൽ നിന്നും തന്റെ മകനോടൊപ്പം പോയ പ്രദീപിനെ കാണാതാകുകയായിരുന്നു.

ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത പിൽഖുവ പൊലീസിന്റെ മർദ്ദനത്തിൽ പ്രദീപ് കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പരാതി. പൊലീസ് സ്റ്റേഷനിൽ പ്രദീപിന്റെ 11 വയസ്സുള്ള മകനെ മുന്നിൽ വെച്ചായിരുന്നു അയാളെ പൊലീസ് ക്രൂരമർദ്ദനത്തിനിരയാക്കിയത്.

പൊലീസുകാർ പ്രദീപിനെ തൊഴിക്കുകയും ഇടിക്കുകയും പലകകൊണ്ടടിക്കുകയും ചെയ്തതായി അദ്ദേഹത്തിന്റെ മകൻ പറയുന്നു. കൂടാതെ ഇലക്ട്രിക് ഷോക്ക് ഏൽപ്പിക്കുക, സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് കുത്തുക തുടങ്ങിയ ക്രൂരമായ മർദ്ദനമുറകൾ തന്റെ പിതാവിന്റെ മേൽ പ്രയോഗിച്ചതായും പ്രദീപിന്റെ മകൻ പറയുന്നു.

നാട്ടുകാരും ബന്ധുക്കളുൽ ചേർന്ന് തോമാറിന്റെ മൃതദേഹം പരിശോധിക്കുന്ന ഒരു വീഡിയോയിൽ അദ്ദേഹത്തിന്റെ ദേഹത്ത് നിരവധി ചതവുകളും മുറിവുകളും ഉള്ളതായി കാണുന്നുണ്ട്. മർദ്ദനത്തിനു സാക്ഷിയായ മകനെ പൊലീസ് മർദ്ദിക്കുകയും വായിൽ പിസ്റ്റൾ തിരുകിവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. മർദ്ദനത്തിന്റെ കാര്യം ആരോടും പറയരുതെന്നായിരുന്നു ഭീഷണി.

സംഭവവുമായി ബന്ധപ്പെട്ട് പിൽഖുവ എസ്എച്ച്ഒ അടക്കം മൂന്നുപേരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ടെന്ന് മീററ്റ് സോൺ ഐജി അലോക് സിങ് മാധ്യമങ്ങളോട് പറഞ്ഞു.

പ്രീതി എന്ന യുവതിയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രീതിയുടെ ഭർത്താവ് ദിഗംബർ തോമർ ആയിരുന്നു കൊലയ്ക്ക് പിന്നിലെന്ന് ഭർത്താവ് പറയുന്നു. പ്രദീപിന്റെ ഭാര്യയുടെ സഹോദരനാ‍ണ് ദിഗംബർ തോമർ. ഒരു ബന്ധുവിന്റെ സഹായത്തോടുകൂടിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. അത് പ്രദീപ് തോമർ ആണെന്ന സംശയത്തിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് ഹാപ്പൂർ എസ്പി യശ്പാൽ സിങ് പറഞ്ഞു.

എന്നാൽ ഒരു സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ പ്രദീപിനെ പൊലീസ് കേസിൽ കുടുക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പ്രദീപിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്. കൊലയാളികൾക്ക് ഒന്നരലക്ഷം രൂപ പ്രദീപ് പ്രതിഫലം നൽകിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മാസം 7000 രൂപ വരുമാനമുള്ള പ്രദീപിന് അത് സാധിക്കില്ലെന്നും ബന്ധുക്കൾ പറയുന്നു.