ചമ്രവട്ടം പാലത്തിലെ അപ്രോച്ച് റോഡുകൾക്ക് കരാർ നൽകിയതിലും അഴിമതി; ടി ഓ സൂരജിനെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവ്

single-img
16 October 2019

പാലാരിവട്ടം പാലം നിർമ്മാണത്തിലെ അഴിമതിക്കേസിൽ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിനെതിരെ വീണ്ടും എഫ്ഐആർ. 2012-13 കാലത്തിൽ മലപ്പുറം ജില്ലയിലെ ഭാരതപ്പുഴയുടെ കുറുകെ മേജർ ഇറിഗേഷൻ വകുപ്പ് നിർമ്മിച്ച ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ അഞ്ച് അപ്രോച്ച് റോഡുകൾക്ക് ടെണ്ടർ വിളിക്കാതെ കരാർ നൽകിയെന്നാണ് കേസ്.

ഈ കേസിൽ സൂരജിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു. ഈ ഇടപാടിൽ 35 കോടി രൂപയുടെ അഴിമതിയാണ് സൂരജിനെതിരെ ആരോപിക്കുന്നത്. സൂരജിന് പുറമെ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എംഡി കെ എസ് രാജു, ചീഫ് എഞ്ചിനീയർ പി കെ സതീശൻ, ജനറൽ മാനേജർ ശ്രീനാരായണൻ, മാനേജിംഗ് ഡയറക്ടർ പി ആർ സന്തോഷ് കുമാർ, ഫിനാൻസ് മാനേജർ ശ്രീകുമാർ, അണ്ടർ സെക്രട്ടറി എസ് മാലതി, കരാറുകാരായ പി ജെ ജേക്കബ്, വിശ്വനാഥൻ വാസു,കുരീക്കൽ ജോസഫ് പോൾ എന്നിവർക്കെതിരെയും എഫ്ആർ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.

നേരത്തെ പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഓഗസ്റ്റ് 30-നാണ് ടി ഒ സൂരജ് അടക്കം നാലു പേരെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ 45 ദിവസത്തിലധികം ജയിലിൽ കഴിഞ്ഞ സൂരജടക്കമുള്ളവർ കഴിഞ്ഞ ദിവസം നൽകിയ ജാമ്യഹർജി ഹൈക്കോടതി തള്ളിയിരുന്നു. അതേസമയം പ്രതികളിലൊരാളായ കിറ്റ്കോ മുൻ ജോയിന്‍റ് ജനറൽ മാനേജർ ബെന്നി പോളിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.