വാദം പൂര്‍ത്തിയായിട്ടും അയോധ്യ കേസില്‍ കോടതി വീണ്ടും ചേരുന്നു; ഭരണഘടനാ ബെഞ്ചിന്റെ അസാധാരണ നടപടി മധ്യസ്ഥ സമിതി റിപ്പോർട്ട് പരിഗണിക്കാന്‍

single-img
16 October 2019

അയോധ്യ കേസിൽ സുപ്രീം കോടതിയിൽ അസാധാരണ നടപടി. ഇന്ന് വാദം പൂര്‍ത്തിയായ അയോധ്യ കേസില്‍ നാളേയും കോടതി ചേര്‍ന്ന് നടപടികള്‍ തുടരും. സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതി സമര്‍പ്പിച്ച റിപ്പോർട്ട് പരിഗണിക്കാനായാണ് ഭരണഘടനാ ബഞ്ച് നാളെ യോഗം ചേരുന്നത്.

നാളെ ചേംബറിലാവും ഭരണഘടന ബെഞ്ച് ചേരുകയെന്ന് സുപ്രീംകോടതി അഡീഷണല്‍ രജിസ്റ്റാര്‍ പുറത്തു വിട്ട അറിയിപ്പില്‍ പറയുന്നു. ഒരിക്കൽ വാദം കേട്ടു കഴിഞ്ഞ ഒരു കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വീണ്ടും ഇരിക്കുന്നത് അസാധാരണമായ സംഭവമാണ്.അയോധ്യയുടെ കേസ് മധ്യസ്ഥതയിലൂടെ പരിഹരിക്കാനായി മൂന്നംഗ സമിതിയെ നേരത്തെ സുപ്രീം കോടതി നിയോഗിച്ചിരുന്നു.

സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റിസ് എഫ്എംഐ ഖലീഫുള്ള, ആത്മീയാചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണ് മൂന്നംഗ സംഘത്തിലുണ്ടായിരുന്നത്.ഇവരുടെ മധ്യസ്ഥ ചര്‍ച്ച ആദ്യഘട്ടത്തില്‍ നല്ല രീതിയില്‍ മുന്നോട്ട് പോയെങ്കിലും പിന്നീട് ചര്‍ച്ച പരാജയപ്പെട്ടതായി സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിരുന്നു.അതേസമയം അയോധ്യ കേസില്‍ മധ്യസ്ഥ ചർച്ചകൾ സാഹോദര്യത്തിൻറെ അന്തരീക്ഷത്തിൽ നടന്നെന്ന‌ാണ് സമിതി അംഗം ശ്രീശ്രീ രവിശങ്കർ പിന്നീട് വ്യക്തമാക്കിയത്.

ഈ സമിതിയുടെ റിപ്പോര്‍ട്ട് പിന്നീട് സുപ്രീംകോടതിക്ക് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടാണ് നാളെ നടത്തുന്ന പ്രത്യേക സിറ്റിംഗിലൂടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്.അതോടെ തര്‍ക്ക ഭൂമിയുടെ അവകാശിയാരെന്ന വിധിക്ക് പകരം ഒരു ഒത്തുതീര്‍പ്പിന് വഴിയൊരുക്കുന്ന വിധി സുപ്രീംകോടതി പുറപ്പെടുവിക്കുമോ എന്ന ആകാംക്ഷയും ശക്തമാവുകയാണ്.