വിഡി സവര്‍ക്കറിന് ഭാരതരത്‌നയ്ക്ക് ശുപാര്‍ശ ചെയ്യുമെന്ന പ്രഖ്യാപനം; പ്രതിഷേധം ഉയരുന്നു, രാജ്യത്തെ ദൈവം രക്ഷിക്കുമെന്ന് കോണ്‍ഗ്രസ്

single-img
16 October 2019

മുംബൈ: രാജ്യത്തെ പരമോന്നത ബഹുമതിയായ ഭരതരത്‌നയ്ക്ക് വി ഡി സവര്‍ക്കറുടെ പേര് പ്രഖ്യാപിച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പു പത്രികയിലായിരുന്നു ബിജെപി പ്രഖ്യാപനം. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെതിരെ രംഗത്തുവന്നു.

മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തില്‍ സവര്‍ക്കറിന് ഭാരതരത്‌ന നല്‍കുകയാണെങ്കില്‍ രാജ്യത്തെ ദൈവം രക്ഷിക്കുമെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. ഗാന്ധിജി ആത്മഹത്യ ചെയ്തുവെന്ന് സ്‌കൂളിലെ പരീക്ഷയ്ക്ക് ചോദ്യം വന്ന രാജ്യത്ത് എന്തും നടക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തീവാരി പറഞ്ഞു.

സിപിഐയും ഭരണകക്ഷിയെ വിമര്‍ശിച്ച് രംഗത്തുവന്നു. ഇങ്ങനെ പോയാല്‍ നാഥുറാം ഗോഡ്‌സെയ്ക്ക് ബിജെപി ഭാരതരത്‌ന നല്‍കുന്ന ദിവസം ദൂരെയാകില്ലെന്ന് സിപിഐ പറഞ്ഞു. ഗാന്ധിജിയുടെ ജന്മ വാര്‍ഷികം ആഘോഷിക്കുന്നതിനിടയില്‍, അദ്ദേഹത്തെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സവര്‍ക്കറിന് ഭാരതരത്‌ന നല്‍കാന്‍ ശ്രമിക്കുന്നു ഇത് വിരോധാഭാസമാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു.

സംസ്ഥാനത്ത്‌ ഒരു കോടി തൊഴിലവസരങ്ങള്‍, മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങള്‍, ഭവനരഹിതര്‍ക്ക് 2022ഓടെ വീടുകള്‍, അടിസ്ഥാന സൗകര്യ വികസനത്തിലായി അഞ്ചു കോടി രൂപയുടെ നിക്ഷേപം അതോടൊപ്പം വി ഡി സവര്‍ക്കര്‍ക്കും സാമൂഹ്യ പരിഷ്‌കര്‍ത്താ ക്കളായ മഹാത്മാ ഫുലെ, സാവിത്രി ഭായി ഫൂലെ എന്നിവര്‍ക്ക് ഭരതരത്‌നയ്ക്ക് ശുപാര്‍ശ നല്‍കുക എന്നിവകൂടി ഉള്‍പ്പെടുത്തി യായിരുന്നു മഹാരാഷ്ട്രയില്‍ ബിജെപിയുടെ പ്രകടന പത്രിക.