സ്ത്രീത്വത്തെ അധിക്ഷേപിച്ച് പരാമർശങ്ങൾ; ഫിറോസ് കുന്നംപറമ്പിലിനെതിരെ പരാതി നല്‍കാനൊരുങ്ങി യുവതി; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

single-img
15 October 2019

ഫേസ്ബുക്ക് ലൈവിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് പരാമർശങ്ങൾ നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇയാൾക്കെതിരെ എത്രയും വേഗം പോലീസ് കർശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫെയ്ൻ ആവശ്യപ്പെട്ടു.

സോഷ്യൽ മീഡിയയിലൂടെ ഒരു പെൺകുട്ടിയെ എന്ന വ്യാജേന ‘സ്ത്രീ’ എന്ന പദപ്രയോഗത്തിലൂടെ കേരളത്തിലെ മുഴുവൻ സ്ത്രീകളെയുമാണ് ഫിറോസ് അപമാനിച്ചിരിക്കുന്നതെന്നും ഈ നടപടി അനുവദിക്കാനാവില്ലെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. തനിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ച യുവതിക്കെതിരെയാണ് ഫിറോസ് കുന്നംപറമ്പില്‍ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപ പരാമർശവുമായി രംഗത്തെത്തിയത്.

തനിക്ക് ഏതെങ്കിലും രാഷ്ട്രീയ പാർ‍ട്ടികളുമായി ബന്ധമില്ലെന്ന് മുൻപ് പറഞ്ഞ ഫിറോസ് മ‍ഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുസ്ലീം ലീഗ് നേതാവുമായ എംസി കമറുദ്ദീന് വേണ്ടി വോട്ട് ചോദിക്കാനെത്തിയതിനെയാണ് പൊതു പ്രവര്‍ത്തകയായ യുവതി സോഷ്യൽ മീഡിയയിൽ വിമര്‍‌ശിച്ചത്. ഇതിന്റെപിന്നാലെയിരുന്നു ഫിറോസിന്റെ വേശ്യ പരാമർശം. യുവതിയുടെ പേര് എടുത്തുപറയാതെയായിരുന്നു ഫിറോസ് കുന്നുംപറമ്പിലിന്റെ ഫേസ്ബുക്ക് ലൈവ്.

തനിക്കെതിരെ മാന്യതയുള്ളവർ പറഞ്ഞാൽ സ്വീകരിക്കുമെന്നും പ്രവാചകനെ വരെ അപമാനിച്ച സ്ത്രീയോട് പുച്ഛമാണെന്നും ഫിറോസ് പറഞ്ഞു. അതേസമയം ഫിറോസ് കുന്നുംപറമ്പിലിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് യുവതി. താൻ ഉൾപ്പെടെയുള്ള പ്രതികരിക്കുന്ന സ്ത്രീകളെയാണ് ഫിറോസ് വേശ്യയെന്ന് വിളിച്ച് അപമാനിച്ചിരിക്കുന്നതെന്നും സ്വയം പ്രഖ്യാപിത നൻമമരത്തിന് യോജിച്ചതല്ല വീഡിയോയിലുള്ള വാക്കുകളെന്നും യുവതി ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു.