പാലാരിവട്ടം പാലം അഴിമതി: സുപ്രധാന രേഖകള്‍ കാണാനില്ലെന്ന മാധ്യമ വാര്‍ത്തകള്‍ വ്യാജം: വിജിലന്‍സ്

single-img
15 October 2019

പാലാരിവട്ടം പാലം നിർമ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ കാണാനില്ലെന്ന രീതിയിൽ ചില മാധ്യമങ്ങളിൽ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് വിജിലന്‍സ്. പാലം നിർമ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട ഫയലില്‍ നിന്നും നോട്ട് ഫയല്‍ കാണാനില്ലെന്നാണ് ചില മാധ്യമങ്ങളില്‍ വാർത്തകൾ വന്നിരുന്നു.

ഇത്തരത്തിലുള്ള വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും വിജിലന്‍സ് ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. നിർമ്മാണ സമയം കരാറുകാർക്ക് മുൻകൂർ പണം അനുവദിക്കുന്നതിനുളള നോട്ട് ഫയലാണ് കാണാതായതെന്നായിരുന്നു വാര്‍ത്ത. പണം അനുവദിക്കാൻ ശുപാർശയുമായി വിവിധ വകുപ്പുകൾ മന്ത്രിയുടെ ഓഫീസിലേക്കയച്ച രേഖയാണിത്. എട്ടേകാല്‍ കോടി രൂപയായിരുന്നു കരാറേറ്റെടുത്ത ആര്‍ഡിഎസ് കമ്പനിക്ക് പൊതുമരാമത്ത് വകുപ്പ് മുന്‍കൂറായി നല്‍കിയത്.

വിവിധ വകുപ്പുകൾ പൊതുമരാമത്തു വകുപ്പ് മന്ത്രിയുടെ ഓഫീസിലേക്കയച്ച നോട്ട്ഫയല്‍ പരിഗണിച്ചാണ് പാലം കരാര്‍ കമ്പനിക്ക് പണം അനുവദിക്കാൻ മുൻ മന്ത്രി ഇബ്രാംഹിംകുഞ്ഞ് ഉത്തരവിട്ടത്.