മഞ്ചേശ്വരത്ത് യുഡിഎഫിന് സുന്നി എ പി വിഭാഗത്തിന്‍റെ പിന്തുണ; പ്രഖ്യാപനം ഉടൻ ഉണ്ടാകാന്‍ സാധ്യത

single-img
15 October 2019

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ സുന്നി എ പി വിഭാഗം യുഡിഎഫിന് പിന്തുണ നൽകും. ഇക്കാര്യത്തിൽ പ്രഖ്യാപനം ഉടൻ നടത്താനാണ് സാധ്യത. മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എ പി വിഭാഗം നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്.

നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എ പി വിഭാഗവുമായി നടത്തിയ ചർച്ചയിൽ വോട്ട് ഉറപ്പാക്കാനായിരുന്നില്ല. മണ്ഡലത്തിൽ പതിനായിരം വോട്ടുകളുണ്ടെന്നാണ് എ പി വിഭാഗത്തിന്റെ അവകാശവാദം. ഇവിടെ മുൻ തെരഞ്ഞെടുപ്പുകളിൽ എപി വിഭാഗം ഇടതുപക്ഷത്തിനൊപ്പം നിന്നെങ്കിലും ഇത്തവണ യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന അഭിപ്രായത്തിനാണ് ജില്ലാ നേതാക്കളിൽ മുൻതൂക്കം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയത്തോട് അടുത്തതും യുഡിഎഫിന്റെ ഭൂരിപക്ഷം 89 ൽ ഒതുങ്ങിയതുമാണ് എ പി വിഭാഗത്തെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ച ഘടകം എന്നാണ് കരുതുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായകമായ തെരഞ്ഞെടുപ്പിൽ എൽ‍ഡിഎഫിന് പിന്തുണ നൽകുകയും ബിജെപി ജയിക്കുകയും ചെയ്താൽ സമുദായത്തിനകത്ത് നിന്ന് തന്നെ വൻവിമർശനം ഉയരുമെന്നതാണ് പ്രധാന ആശങ്ക.

ഇതോടൊപ്പം ചില വിഷയങ്ങളിൽ സർക്കാരുമായുണ്ടായ അഭിപ്രായ വിത്യാസവും നിലപാട് മാറ്റത്തിന് കാരണമാണ്. ഇന്ന് കുമ്പോൽ തങ്ങളടക്കം എ പി വിഭാഗം നേതാക്കളെ നേരിട്ട് കണ്ടും സ്ഥാപനങ്ങളിൽ എത്തിയുമാണ് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പിന്തുണ തേടിയത്.