മകളുടെ മൃതദേഹം മറവു ചെയ്യാന്‍ കുഴിയെടുത്തപ്പോള്‍ കിട്ടിയത് മണ്‍പാത്രത്തിലാക്കി കുഴിച്ചിട്ടിരുന്ന ജീവനുള്ള കുഞ്ഞിനെ

single-img
15 October 2019

ലഖ്‌നൗ: പൂര്‍ണ വളര്‍ച്ചയെത്താതെ ജനിച്ചയുടന്‍ മരിച്ച മകളെ മറവു ചെയ്യാന്‍ കുഴിയെടുത്തപ്പോള്‍ കിട്ടിയത് ജീവനുള്ള കുഞ്ഞിനെ. ഉത്തര്‍ പ്രദേശ് സ്വദേശിയായ ഹിതേഷ് കുമാറിനാണ് സ്വന്തം മകളെ മറവു ചെയ്യാനെടുത്ത കുഴിയില്‍ നിന്ന് ജീവനുള്ള പെണ്‍കുഞ്ഞിനെ കിട്ടിയത്. കുഞ്ഞിനെ മണ്‍പാത്രത്തിലാക്കിയ നിലയിലായിരുന്നു.

ഹിതേഷിന്റെ ഭാര്യ വൈശാലി ബറേലി സബ് ഇന്‍സ്‌പെക്ടറാണ്. ഏഴുമാസം പ്രയമായ കുഞ്ഞിനെയാണ് വൈശാലി വ്യാഴാഴ്ച പ്രസവിച്ചത്. പ്രസവിച്ച ഉടന്‍ തന്നെ കുഞ്ഞ് മരിച്ചു. മൃതദേഹം കുഴിച്ചിടാന്‍ മണ്ണില്‍ കുഴിയെടുത്തപ്പോളാണ് മണ്‍പാത്രം കിട്ടിയത്. അതിനകത്ത് ശ്വാസം മുട്ടിയ നിലയിലായിരുന്നു കുഞ്ഞ്.

കുഞ്ഞിനെ പുറത്തെടുത്ത് പാല്‍ നല്‍കിയ ശേഷം ആശുപത്രിയിലെത്തിച്ചു. ഇപ്പോള്‍ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.