എയര്‍ ബസ് വിമാനത്തെ പാര്‍ക്കിങ് ബേയില്‍ നിന്ന് റണ്‍വേയിലെത്തിച്ചത് ടാക്സി ബോട്ട്; എയര്‍ ഇന്ത്യ സ്വന്തമാക്കിയത് ചരിത്ര നേട്ടം

single-img
15 October 2019

യാത്രക്കാരെയും വഹിച്ചുകൊണ്ട് വന്ന എയര്‍ ബസ് വിമാനത്തെ ടാക്സി ബോട്ടുപയോഗിച്ച് പാര്‍ക്കിങ് ബേയില്‍ നിന്ന് റണ്‍വേയിലെത്തിച്ച് ചരിത്രമെഴുതി എയര്‍ ഇന്ത്യ. ഇത്തരത്തിൽ ഒരു കൊമേഴ്സ്യല്‍ എയര്‍ ബസ് വിമാനത്തില്‍ ടാക്സി ബോട്ട് സംവിധാനം ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ എയര്‍ലൈനാണ് എയര്‍ ഇന്ത്യ. പൈലറ്റിന്റെ നിയന്ത്രണത്തിലുള്ള സെമി റോബോട്ടിക് അധിഷ്ഠിത എയര്‍ക്രാഫ്റ്റ് ട്രാക്ടറാണ് ടാക്സി ബോട്ട്.

എഞ്ചിന്‍ ഓഫ് ചെയ്ത വിമാനത്തെ പാര്‍ക്കിങ് ബേയില്‍ നിന്ന് റണ്‍വേയിലേക്കും തിരിച്ചും കൊണ്ടുപോകാന്‍ ഇത് സഹായിക്കും. ചൊവ്വാഴ്ച ദിവസം പുലര്‍ച്ചെയോടെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ മൂന്നാമത്തെ ടെര്‍മനിലില്‍ നിന്നാണ് എഐ 665 ദില്ലി മുംബൈ വിമാനത്തെ ടാക്സി ബോട്ട് ഉപയോഗിച്ച് പാര്‍ക്കിങ് ബേയില്‍ നിന്ന് റണ്‍വേയിലേക്ക് കൊണ്ടുപോയത്.

വിമാനം നിലത്തുള്ളപ്പോൾ ഉള്ള ഇന്ധന ഉപയോഗം 85 ശതമാനത്തോളം കുറയ്ക്കാനും ടാക്സി ബോട്ടുകള്‍ സഹായിക്കും. ഇതുമൂലം ശബ്ദ, വായു മലിനീകരണത്തിന്‍റെ തോതും കുറയ്ക്കാന്‍ ടാക്സി ബോട്ട് സഹായിക്കും.