ദുബായിക്കാരനെ വിവാഹം കഴിച്ചു; താലികെട്ടിനുശേഷം പൊലീസ് സ്റ്റേഷനിലേക്ക്, വധു കാമുകനൊപ്പം പോയി

single-img
15 October 2019

തളിപ്പറമ്പ്: വിവാഹത്തിനു മുന്‍പും വിവാഹശേഷവുമെല്ലാം കാമുകനോടൊപ്പം സ്ത്രീകള്‍ പോകുന്ന കഥ ഏറെ കേട്ടിട്ടുണ്ട്. എന്നാല്‍ താലികെട്ടു കഴിഞ്ഞയുടന്‍ വാശി പിടിച്ച് പൊലീസ് ഇടപെടലിലൂടെ കാമുകനൊപ്പം പോയിരിക്കുകയാണ് വധു. പയ്യന്നൂര്‍ സ്വദേശിനിയായ യുവതിയാണ് വിവാഹം കഴിഞ്ഞയുടന്‍ കാമുകനൊപ്പം പോയത്.

കാഞ്ഞിരങ്ങാട് വണ്ണാറപ്പാറ സ്വദേശിയായുമായാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചത്. ദുബായിലായിരുന്ന പയ്യനുമായി യുവതി ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. ഞായറാഴ്ചയാണ് പയ്യന്നൂരിലെ ഓഡിറ്റോറിയത്തില്‍ വച്ച് ആര്ഭാടമായി വിവാഹം നടന്നത്.

എന്നാല്‍ താലികെട്ടി കഴിഞ്ഞിറങ്ങി വണ്ണാരപ്പാറയിലെത്തി യെങ്കിലും വരന്റെ വീട്ടില്‍ കയറില്ലെന്ന് വധു വാശി പിടിച്ചു. തിരിച്ചു പോകണമെന്നാവശ്യപ്പെട്ട് ബഹളം വച്ചു. പൊലീസെത്തി യുവതിയോട് സംസാരിച്ചുവെങ്കിലും യുവതി തീരുമാനത്തിലുറച്ചു നിന്നു.

വരന്റെ വീട്ടുകാരാവശ്യപ്പെട്ട പ്രകാരം താലിമാല ഊരി തിരിച്ചു നല്‍കി. തനിക്ക് പട്ടാമ്പി സ്വദേശിയായ കാമുകനോടൊപ്പം പോകാനാണ് താല്‍പര്യമെന്ന് യുവതി പൊലീസിലറിയിച്ചു. ഇതോടെ മാതാപിതാക്കളും ബന്ധുക്കളും യുവതിയെ പൊലീസ് സ്റ്റേഷനില്‍ ഉപേക്ഷിച്ചു പോയി.

പിന്നീട് യുവതിയുടെ കാമുകനുമായി പൊലീസ് ഫോണില്‍ ബന്ധപ്പെട്ടു. ഇന്‍സ്റ്റാഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്നും രണ്ടു വര്‍ഷമായി പ്രണയത്തിലാണെന്നും യുവാവ് സമ്മതിച്ചു. പിന്നീട് കാമുകനും ബന്ധിക്കളും തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തി യുവതിയുമായി മടങ്ങി.