നിലപാട് മാറ്റി ശ്രീധരന്‍ പിള്ള; വേണ്ടിവന്നാൽ ശബരിമല വിഷയത്തില്‍ നിയമനിർമ്മാണം നടത്തും

single-img
14 October 2019

ഉപതെരഞ്ഞെടുപ്പിൽ ശബരിമല വിഷയത്തിൽ പരസ്പരം ഏറ്റുമുട്ടി കോൺഗ്രസും ബിജെപിയും. ശബരിമല വിഷയത്തിൽ ആചാര സംരക്ഷണത്തിനായി നിയമനിർമാണം നടത്തുമെന്ന് പറഞ്ഞിട്ടില്ലെന്ന മുൻ നിലപാട് ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ള തിരുത്തി.

കേസ്നിലവിൽ കോടതിയുടെ പരിഗണനയിലാണ്. വേണ്ടിവന്നാൽ ശബരിമല വിഷയത്തിൽ നിയമനിർമ്മാണം നടത്തുമെന്നും വിശ്വാസികൾക്കുവേണ്ടി അവസാന ശ്വാസം വരെ പ്രവർത്തിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ശബരിമല യുവതീ പ്രവേശന വിവാദത്തിൽ പ്രധാനമായും ഇടത് മുന്നണിയെ പ്രതിക്കൂട്ടിലാക്കിയായിരുന്നു ഇതുവരെ യുഡിഎഫ് പ്രചാരണം. ഇപ്പോൾ ബിജെപിയും ഇതേ വിഷയത്തിൽ കേന്ദ്രീകരിച്ചതോടെയാണ് പുതിയ നീക്കം.

ശബരിമല വിഷയത്തിൽ എൻഎസ്എസോ എസ്എൻഡിപിയോ ബിജെപിക്കെതിരെ നിലപാട് സ്വീകരിച്ചതായി അറിയില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു. അതേപോലെ, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിൽ എൻഎസ്‌എസ്‌ നേതൃത്വം യുഡിഎഫിന് വേണ്ടി പരസ്യമായി രംഗത്തിറങ്ങിയതായി അറിയില്ലെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേര്ത്തു.