ഞങ്ങൾ നാരങ്ങ ഉപയോഗിക്കുന്നത് സർബ്ബത്ത് ഉണ്ടാക്കാൻ: രാജ്നാഥ് സിങിന് പരിഹാസവുമായി ഒവൈസി

single-img
14 October 2019

മുംബൈ: റഫേൽ വിമാനം ഏറ്റുവാങ്ങിയപ്പോള്‍ ശാസ്ത്ര പൂജ നടത്തിയ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ പരിഹസിച്ച് മജ്‍ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസി. വിമാനത്തിന്റെ ചക്രങ്ങൾക്കു മുന്നിൽ നാരങ്ങ വെച്ചതിനെയടക്കമാണ് ഒവൈസി പരിഹസിച്ചത്.

“രാജ്നാഥ് സിങ് നാരങ്ങ പ്രാർത്ഥനയ്ക്കായി ഉപയോഗിക്കുമ്പോൾ നമ്മളൊക്കെ അത് ഉപയോഗിച്ച് സർബ്ബത്തുണ്ടാക്കി ആളുകൾക്ക് കൊടുക്കുന്നു.”

ഒവൈസി പറഞ്ഞു.

മുംബൈയില്‍ ഒരു യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഒവൈസി. ഒക്ടോബര്‍ 21 ന് നടക്കാനിരിക്കുന്ന മുംബൈ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായാണ് ഒവൈസി മുംബൈയിലെത്തിയത്.

ഫ്രാന്‍സില്‍ നിര്‍മ്മിച്ച യുദ്ധവിമാനം ഒക്ടോബര്‍ 9ന് ഇന്ത്യക്ക് കൈമാറുന്നതിനിടെയാണ് രാജ്നാഥ് സിംഗ് ശാസ്ത്ര പൂജ നടത്തിയത്. വിമാനം കൈമാറുന്ന ചടങ്ങ് ഒരു പ്രത്യേക മതവുമായി ബന്ധപ്പെടുത്തിയതിനെതിരെ രാജ്നാഥ് സിംഗിനും കേന്ദ്രത്തിനുമെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.