ഇന്ത്യൻ വംശജൻ ഉൾപ്പെടെ മൂന്ന് പേർക്ക് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്ക്കാരം

single-img
14 October 2019

ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാര പട്ടികയിൽ ഇന്ത്യൻ വംശജനും. മസാച്യുസൈറ്റ്‍സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ന‍ോളജിയിലെ സാമ്പത്തിക ശാസ്ത്രജ്ഞനും ഗവേഷകനുമായ അഭിജിത് ബാനർജിയാണ് പുരസ്കാരം നേടിയ മൂന്ന് പേരിൽ ഒരാളായി പട്ടികയിൽ ഇടം നേടിയത്. ലോകത്തെ തന്നെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ എസ്‍തർ ഡുഫ്‍ളോ, മിഖായേൽ ക്രെമർ എന്നിവരാണ് നൊബേൽ നേടിയ മറ്റ് രണ്ട് പേർ.

ഇന്ത്യൻ വംശജനായ അഭിജിത് ബാനർജിയുടെ പങ്കാളിയായ എസ്‍തർ ഡുഫ്ളോയും മസാച്യൂസൈറ്റ്‍സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപികയാണ്. അതേപോലെ മിഖായേൽ ക്രെമർ ഹാർവാർഡ് സർവകലാശാലാ അധ്യാപകനാണ്. ലോകവ്യാപകമായി ദാരിദ്ര്യനിർമാർജനത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ ഗവേഷണങ്ങൾക്കാണ് മൂവർക്കും നൊബേൽ പുരസ്കാരം ലഭിച്ചത്. നേരത്തെ പ്രമുഖ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെന്നിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യൻ വംശജനാണ് അഭിജിത് ബാനർജി.

1961-ൽ പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലാണ് അഭിജിത് ബാനർജി ജനിച്ചത്. ഇദ്ദേഹത്തിന്റെ അച്ഛനായ ദീപക് ബാനർജിയും അമ്മ നിർമലാ ബാനർജിയും സാമ്പത്തിക ശാസ്ത്ര അധ്യാപകരായിരുന്നു.

ബംഗാൾ പ്രസിഡൻസി കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം തുടർന്ന് ജെഎൻയുവിൽ നിന്നാണ് ബിരുദാനന്തരബിരുദം നേടിയത്.അതിനു ശേഷം 1988-ൽ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് അദ്ദേഹം പിഎച്ച്‍ഡി നേടി. ”വിവരവിനിമയത്തിന്‍റെ സാമ്പത്തിക ശാസ്ത്രം” എന്നതായിരുന്നു ഹാർവാർഡിൽ അദ്ദേഹത്തിന്‍റെ തീസിസ് വിഷയം. ഇപ്പോൾ മസാച്യുസൈറ്റ്‍സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‍നോളജിയിൽ അധ്യാപകനാണ് അഭിജിത് ബാനർജി.