നെഹ്രുവിനെ വിമര്‍ശിച്ചാല്‍ ഇന്ത്യ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറില്ല; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി നിര്‍മലാ സീതാരാമന്റെ ഭര്‍ത്താവ്

single-img
14 October 2019

ഇന്ത്യ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചും കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചും കേന്ദ്രധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്റെ ഭര്‍ത്താവും സാമ്പത്തിക വിദഗ്ധനുമായ പരകല പ്രഭാകര്‍ രംഗത്തെത്തി. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ പുതിയ നയങ്ങള്‍ രൂപപ്പെടുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘നെഹ്‌റു കൊണ്ടുവന്ന സോഷ്യലിസത്തെ വിമര്‍ശിക്കുന്നതിനുപകരം’ രാജ്യത്തെ സമ്പദ്വ്യവസ്ഥയുടെ ഉദാരവല്‍ക്കരണത്തിന് വഴിയൊരുക്കിയ റാവു-സിംഗ് സാമ്പത്തിക മാതൃകയാണ് ബിജെപി ഇപ്പോള്‍ അടിയന്തിരമായി സ്വീകരിക്കേണ്ടതെന്ന് ദി ഹിന്ദു പത്രത്തില്‍ എഴുതിയ കോളത്തില്‍ പ്രഭാകര്‍ പറഞ്ഞു. നിലവില്‍ സര്‍ക്കാര്‍ നിഷേധാത്മക രീതിയിലാണ് ഇതിനോട് പെരുമാറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ പല മേഖലകളും ഗുരുതരമായ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.

വളരെ ഗുരുതര സാഹചര്യമായി തന്നെയാണ് ഇതിനെ വിലയിരുത്തുന്നത്. ബിജെപിയുടെ വിശദീകരിക്കാനാവാത്ത വിമുഖതയാണ് പ്രശ്നത്തിന് പിന്നിലെന്നും പ്രഭാകര്‍ ലേഖനത്തില്‍ പറഞ്ഞു. ‘നെഹ്രുവിന്‍റെ സോഷ്യലിസ്റ്റ് രീതി’ നിരസിക്കുക എന്നത് ഭാരതീയ ജനസംഘത്തിന്റെ കാലം മുതല്‍ ഉള്ളതാണ്. എന്നാല്‍ ബിജെപി ഒരിക്കലും തങ്ങളുടെ സ്വന്തം വാദങ്ങള്‍ പ്രയോഗിക്കാമാക്കാന്‍ ശ്രമിച്ചിട്ടില്ല. രാജ്യത്തെ സാമ്പത്തിക നയത്തിന്റെ കാര്യത്തില്‍ ‘ഇത് അല്ല, ഇത് അല്ല’ എന്ന നയമാണ് അവര്‍ സ്വകരിച്ചത്. അതേസമയം സ്വന്തം നയം എന്താണെന്ന് അവര്‍ ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല.

രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന എക്കണോമിക് റോഡ് മാപ്പ് ബിജെപിയെ വീണ്ടും തിരഞ്ഞെടുത്തതിന്റെ ഭാഗമായി മാത്രം ഉണ്ടായതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജവഹര്‍ ലാല്‍ നെഹ്രുവിന്റെ നയങ്ങളില്‍ വിമര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്ന ബിജെപി അതൊരു രാഷ്ട്രീയ ആക്രമണമായി തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഒരുപക്ഷെ റാവു-സിംഗ് സാമ്പത്തിക നയങ്ങള്‍ ബിജെപി പൂര്‍ണമായും സ്വീകരിക്കുന്ന പക്ഷം മാത്രമേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെയും സമ്പദ് വ്യവസ്ഥയെയും അഴുക്കുചാലില്‍ നിന്ന് കരകയറ്റാനാവുകയുള്ളൂവെന്നും പ്രഭാകര്‍ വ്യക്തമാക്കി.