ആനക്കൊമ്പ് കേസിനു പിന്നിൽ തന്നെ അപമാനിക്കാനുള്ള ഗൂഢ നീക്കം: മോഹൻലാൽ ഹൈക്കോടതിയിൽ

single-img
14 October 2019

ആനക്കൊമ്പ് കേസിന് പിന്നിൽ തന്നെ അപമാനിക്കാനുള്ള ഗൂഢനീക്കമാണെന്ന് നടൻ മോഹൻലാൽ. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് മോഹൻലാലിന്റെ പരാമർശം.

ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിന് മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ആ സാഹചര്യത്തില്‍ വനംവകുപ്പ് തനിക്കെതിരേ സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്നും മോഹന്‍ലാല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

2011-ൽ രജിസ്റ്റർ ചെയ്‌ത കേസിൽ തുടർനടപടി സ്വീകരിക്കാത്തതിന് എതിരെ സ്വകാര്യവ്യക്തി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ നടപടികള്‍ വൈകിയതിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. കേസ് എന്തുകൊണ്ടാണ് തീര്‍പ്പാക്കാത്തതെന്നു മൂന്നാഴ്ചയ്ക്കകം അറിയിക്കണമെന്നു മജിസ്ട്രേറ്റ് കോടതിയോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. തുടർന്നാണ് വനം വകുപ്പ് പെരുമ്പാവൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

എന്നാൽ കേസിൽ ഏഴു വർഷം കഴിഞ്ഞ് കുറ്റപത്രം നൽകിയിരിക്കുന്നതിൽ ഗൂഢാലോചനയുണ്ടെന്നാണ് മോഹൻലാലിന്റെ ആരോപണം. തന്നെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഇപ്പോൾ പരാതി ഉയർത്തിക്കൊണ്ടു വന്നിരിക്കുന്നത്. തനിക്ക് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിന് അനുമതി ലഭിച്ചിട്ടുള്ളതാണെന്നും മോഹൻലാൽ പറയുന്നു.

മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നാല് ആനക്കൊമ്പുകള്‍ കണ്ടെടുത്തിരുന്നു. മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് മോഹന്‍ലാല്‍ ആനക്കൊമ്പുകള്‍ സൂക്ഷിച്ചതെന്നും പിന്നീട് വ്യക്തമായി. കെ. കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നും 65,000 രൂപയ്ക്കാണ് ആനക്കൊമ്പുകള്‍ വാങ്ങിയെന്നായിരുന്നു മോഹന്‍ലാൽ വിശദീകരിച്ചത്.