എത്ര കർശന ഉപാധിയോടെയാണെങ്കിലും ദൃശ്യങ്ങൾ ദിലീപിന് കൈമാറരുത്; ആക്രമിക്കപ്പെട്ട നടി രേഖാമൂലം സുപ്രീംകോടതിയിൽ

single-img
14 October 2019

എത്രമാത്രം കർശന ഉപാധിയോടെയാണെങ്കിലും ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപിന് കൈമാറരുതെന്ന് ആക്രമണത്തിന് ഇരയായ നടി. ഇന്ന്നടി സുപ്രീംകോടതിയിൽ രേഖാമൂലം ഇക്കാര്യം ആവശ്യപ്പെട്ടു. കേസിലെ പ്രതികളെ ദൃശ്യങ്ങൾ കാണിക്കുന്നതിന് തടസമില്ല. പക്ഷെ പകർപ്പ് കൈമാറരുതെന്നാണ് നടിയുടെ ആവശ്യം. ഇരയായ തന്റെ സ്വകാര്യത മാനിക്കണമെന്ന് നടി കോടതിയോട് അഭ്യര്‍ത്ഥിച്ചു.

ആക്രമണ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം നേരത്തെ പൂർത്തിയായതാണ്. ദിലീപിന്റെ ആവശ്യത്തിൽ വിധി പറയുന്നതിന് മുമ്പ് കേസിലെ ഇരു കക്ഷികളും കേസിലെ വാദങ്ങൾ രേഖാമൂലം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

വളരെ കർശന വ്യവസ്ഥയോടെയാണെങ്കിലും ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്‍റെ പകർപ്പ് കൈമാറണമെന്നാണ് ദിലീപിന്‍റെ ആവശ്യം. എന്നാൽ ദൃശ്യങ്ങൾ നൽകുന്നതിനെ എതിർത്ത് സംസ്ഥാന സർക്കാരും വാദങ്ങൾ എഴുതി നൽകിയിട്ടുണ്ട്.തെളിവായുള്ള മെമ്മറി കാർഡിലെ ദൃശ്യങ്ങൾക്കൊപ്പം ഉണ്ടായിരുന്ന സത്രീ ശബ്ദത്തിൽ കൃത്രിമം കാട്ടിയിട്ടുണ്ടെന്നും ഈ ശബ്ദം കേസ് രേഖകളിൽ പരാമർശിക്കുന്നില്ലെന്നും ദിലീപ് സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു.

തനിക്ക് ഈ മെമ്മറി കാർഡിന്റെ പകർപ്പ് കിട്ടിയാൽ മാത്രമേ കേസിലെ തന്റെ നിരപരാധിത്വം തെളിയിക്കാൻ സാധിക്കുകയുള്ളു എന്നാണ് ദിലീപ് രേഖാമൂലം നല്‍കിയ വാദങ്ങളില്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.തനിക്ക് ഇവ ലഭിച്ചാൽ ദൃശ്യങ്ങൾ തന്റെ കയ്യിൽ നിന്നും മറ്റൊരാളിലേക്ക് പോകില്ലെന്നും അങ്ങനെ പോകാതിരിക്കാനുള്ള സുരക്ഷാ മാർ​ഗങ്ങൾ കോടതി സ്വീകരിക്കണമെന്നും ദിലീപ് ആവശ്യപ്പെടിരുന്നു.ഇതിനെയാണ് നടി രേഖാമൂലം എതിർത്തത്.