പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം; ലൈംഗികാതിക്രമണത്തിന് വിധേയയായ 16കാരിയുടെ പിതാവ് ജീവനൊടുക്കി

single-img
13 October 2019

കേസ് നല്‍കിയത് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടുള്ള മാനസ്സിക സമ്മര്‍ദ്ദം സഹിക്കാനാകാതെ ലൈംഗികാതിക്രമണത്തിന് വിധേയായ പെണ്‍കുട്ടിയുടെ പിതാവ് ജീവനൊടുക്കി. ഇയാളുടെ മകള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളിലെ പ്രിന്‍സിപ്പല്‍ ലൈംഗിക പീഡന പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് പിതാവ് തൂങ്ങി മരിച്ചത്.

മധ്യപ്രദേശിലുള്ള സാഗര്‍ ജില്ലയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ആത്മഹത്യ ചെയ്ത പിതാവിന്റെ 16 വയസ്സുള്ള മകളാണ് പീഡിപ്പിക്കപ്പെട്ടത്. ഈ സംഭവത്തില്‍ ഇവര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത് പിന്‍വലിക്കാന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ നിരന്തരമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വീടിന്‍റെ സമീപത്തെ ഇലക്ട്രിക് പേസ്റ്റിലാണ് ഇയാള്‍ തൂങ്ങി മരിച്ചത്. പിതാവിന്റെ പക്കല്‍നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരുന്നു. മകള്‍ പഠിക്കുന്ന സ്കൂള്‍ പ്രിന്‍സിപ്പലിനായി എഴുതിയതായിരുന്നു ഈ കത്തെന്ന് പോലീസ് പറഞ്ഞു. സ്കൂളിലെ പ്രദീപ് ജയിന്‍ എന്ന അധ്യാപകനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

പിതാവ് നല്‍കിയ പരാതിയെത്തുടര്‍ന്ന് ഇയാളെ പോലീസ് കഴിഞ്ഞ മാസമാണ് അറസ്റ്റ് ചെയ്തത്. പിതാവിന്റെ ആത്മഹത്യാ കുറിപ്പിന്‍റെ അടിസ്ഥാനത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൃത്യത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മരിച്ചയാളുടെ ബന്ധുക്കള്‍ റോഡ് ഉപരോധിച്ചു.