മരടിലെ ഫ്ലാറ്റ് പൊളിക്കല്‍; നഗരസഭ വിശദീകരണത്തിനായി വിളിച്ചുകൂട്ടിയ നാട്ടുകാരുടെ യോഗത്തില്‍ ബഹളം

single-img
13 October 2019

സുപ്രീം കോടതി ഉത്തരവ് പ്രകാരം മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച വിശദീകരണത്തിനായി നഗരസഭ വിളിച്ചുകൂട്ടിയ നാട്ടുകാരുടെ യോഗത്തില്‍ ബഹളം. യോഗത്തിൽ തർക്കം ഉണ്ടായതിനെ തുടര്‍ന്ന് പങ്കെടുക്കാതെ തിരിച്ചുപോയ സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് തിരിച്ചെത്തിയതോടെ യോഗം ആരംഭിച്ചു.

എംഎൽഎ എം സ്വരാജ് പങ്കെടുക്കുന്നതിനെ സബ്‌ കളക്ടർ എതിർത്തതാണ് തര്‍ക്കത്തിന് കാരണമായത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് സബ് കളക്ടര്‍ അറിയിക്കുകയായിരുന്നു. സുപ്രീം കോടതി തീരദേശ പരിപാലന നിയമം ലംഘിച്ചതായി കണ്ടെത്തിയ മരടിലെ അഞ്ച് ഫ്ലാറ്റ്സ മുച്ഛയങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട നാട്ടുകാരുടെ ആശങ്കയകറ്റാൻ വേണ്ടിയാണ് നഗരസഭ വിശദീകരണ യോഗങ്ങൾ നടത്തുന്നത്.

മരട് ഫ്ലാറ്റുകൾ പൊളിക്കാൻ സർക്കാർ ചുമതല ഏൽപ്പിച്ച ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗാണ് യോഗം വിളിച്ചിരിക്കുന്നത്. പൊളിക്കേണ്ട ഹോളിഫെയ്ത്ത്, ഗോൾഡൻ കായലോരം ഫ്ലാറ്റുകളുടെ പരിസരത്ത് താമസിക്കുന്നവരുടെ യോഗമാണ് ഇന്ന് നടക്കുന്നത്. ഇവ പൊളിക്കുമ്പോൾ എത്ര ദൂരത്തിൽ പ്രത്യാഘാതങ്ങളുണ്ടാകും, പ്രദേശവാസികളെ എങ്ങനെ പുനരധിവസിപ്പിക്കും തുടങ്ങിയ കാര്യങ്ങളിലെല്ലാമാണ് യോഗത്തില്‍ വ്യക്തത നൽകുന്നത്. പൊളിക്കപ്പെടുന്ന പാർപ്പിട സമുച്ഛയത്തിന് നൂറ് മീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ യോഗത്തിൽ പങ്കെടുക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.>

എന്നാൽ ഫ്ലാറ്റുകൾ പൊളിപ്പിക്കൽ നടപടികൾക്ക് നഗരസഭ അംഗീകാരം നൽകാത്തതിനാൽ ഫ്ലാറ്റുകൾ ഇന്ന് കമ്പനികൾക്ക് കൈമാറാനാകില്ല. സബ് കളക്ടർ ഫ്ലാറ്റുകൾ പൊളിച്ച് നീക്കാൻ രണ്ട് കമ്പനികളെ തെരഞ്ഞെടുത്തെങ്കിലും നഗരസഭ കൗൺസിൽ ഈ തീരുമാനം അംഗീകരിച്ചിട്ടില്ല.