ജോളിയുമായി ബന്ധം: മുസ്ലീം ലീഗ് നേതാവിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്

single-img
13 October 2019

കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതി ജോളിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മുസ്‍ലിം ലീഗ് നേതാവ് ഇമ്പിച്ചി മൊയ്തീന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. എന്നാൽ പരിശോധനയിൽ റേഷൻ കാർഡോ, ഭൂനികുതി രേഖകളോ ഉൾപ്പടെ ഒന്നും പൊലീസിന് കണ്ടെടുക്കാനായില്ല. അറസ്റ്റിന് തൊട്ടുമുമ്പ് ഈ രേഖകളെല്ലാം ഇമ്പിച്ചി മൊയ്ദീനെ ഏൽപിച്ചു എന്നായിരുന്നു ജോളിയുടെ മൊഴി.

പൊലീസ് പിടിയിലാകുമെന്ന് ഉറപ്പായതോടെ ജോളി ഇമ്പിച്ചി മൊയ്തീനെ നിരവധി തവണ വിളിച്ചിരുന്നതായാണ് ഫോണ്‍ രേഖകള്‍. അഭിഭാഷകനെ ഏര്‍പ്പാടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടാണ് ജോളി തന്നെ വിളിച്ചതെന്ന് ഇമ്പിച്ചി മൊയ്തീന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

കൂടത്തായി കൊലപാതകക്കേസില്‍ പിടിയിലാകുന്നതിന് രണ്ടു ദിവസം മുമ്പാണ് ജോളി ഇമ്പിച്ചിമൊയ്തീനെ നിരന്തരം ഫോണില്‍ വിളിച്ചത്. ഈ സമയത്ത് ജോളി അദ്ദേഹത്തെ നേരില്‍ ചെന്ന് കാണുകയും ചെയ്തിരുന്നു. വക്കീലിനെ ഏര്‍പ്പാടാക്കിത്തരണമെന്ന് ജോളി ആവശ്യപ്പെട്ടിരുന്നതായും കാര്യമെന്താണെന്ന് പറഞ്ഞിരുന്നില്ലെന്നും ഇമ്പിച്ചിമൊയ്തീന്‍ പൊലീസിന് മൊഴിനല്‍കി. 

ഒരു വക്കീലുമായി താന്‍ ജോളിയെ സമീപിച്ചിരുന്നെന്നും എന്നാല്‍, അപ്പോഴേക്കും കോഴിക്കോട്ടുള്ള കസിന്‍ ബ്രദര്‍ വഴി വക്കീലിനെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് ജോളി അറിയിച്ചതായും ഇമ്പിച്ചിമൊയ്തീന്‍ പൊലീസിനോട് പറഞ്ഞിരുന്നു.

ജോളി വ്യാജ ഒസ്യത്തുണ്ടാക്കി കൈക്കലാക്കാൻ ശ്രമിച്ച ഭൂമിയുടെ നികുതി അടയ്ക്കാൻ താൻ പോയിരുന്നെന്ന് ഇമ്പിച്ചി മൊയ്തീൻ സമ്മതിച്ചിരുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എന്തോ പ്രശ്നമുള്ള ഭൂമിയാണതെന്ന് വില്ലേജോഫീസിൽ നിന്ന് പറഞ്ഞാതിനാൽ തനിക്കത് അടയ്ക്കാൻ കഴിഞ്ഞില്ലെന്നും ലീഗ് നേതാവ് പറയുന്നു. രണ്ടരക്കൊല്ലം മുമ്പ് ജോളിയിൽ നിന്ന് അരലക്ഷം രൂപ കടം വാങ്ങിയിരുന്നതായും ഇമ്പിച്ചി മൊയ്‍ദീൻ സമ്മതിക്കുന്നുണ്ട്. എന്നാൽ കൊലപാതകങ്ങളെക്കുറിച്ചൊന്നും തനിക്ക് ഒരറിവുമില്ലെന്നും ഇമ്പിച്ചി മൊയ്തീൻ പറയുന്നു.