പോലീസിന് എന്ത് ഉപതെരഞ്ഞെടുപ്പ്? കൂടത്തായി കേസിലെ പ്രതികൾക്ക് അനുകൂലമായ മുല്ലപ്പള്ളിയുടെ നിലപാട് അത്ഭുതപ്പെടുത്തി: കോടിയേരി

single-img
13 October 2019

കൂടത്തായിയിലെ കൂട്ടകൊലപാതകങ്ങളുടെ കേസ് ഉപതെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന മുല്ലപ്പള്ളിയുടെ അഭിപ്രായത്തിന് കോടിയേരിയുടെ മറുപടി. ഈ കേസിലെ പ്രതികൾക്ക് അനുകൂല നിലപാട് ആണ് മുല്ലപ്പളിയുടേതെന്നും ഇത് തന്നെ അത്ഭുതപ്പെടുത്തിയെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

സംസ്ഥാന പോലീസിന് കേസന്വേഷണത്തിനും അറസ്റ്റിനും ഉപതെരഞ്ഞെടുപ്പ് പ്രശ്നമല്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. കൂടത്തായിയിലെ കേസ് അന്വേഷണം കേരളാ പോലീസിന്റെ നേട്ടമാണെന്നും പ്രതിപക്ഷം പോലീസിന്റെ മനോവീര്യം തകർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുൻപ് കേന്ദ്ര ആദ്യന്തര സഹമന്ത്രിയായിയിരുന്ന മുല്ലപ്പള്ളിക്ക് നടപടിക്രമങ്ങൾ അറിയില്ലേയെന്നും കോടിയേരി ചോദിച്ചു. സംസ്ഥാന പോലീസിനും സര്‍ക്കാരിനും നേരത്തെ വിവരം കിട്ടിയെന്ന് മുല്ലപ്പള്ളി പറയുന്നത് വിചിത്ര വാദമാണെന്നും എല്ലാ വിവരങ്ങളും പുറത്തുവിടണം പറയുന്നത് പ്രതികളെ സഹായിക്കാനാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു.

കൂടത്തായി കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മാസങ്ങള്‍ക്ക് മുന്‍പെ സര്‍ക്കാരിന്‍റെയും പോലീസിന്റെയും കയ്യിലുണ്ടായിരുന്നെന്നും ഉപതെരഞ്ഞെടുപ്പിനിടയില്‍ കേസ് പുറത്തുവിട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നുമായിരുന്നു മുല്ലപ്പള്ളി ഇന്നലെ പറഞ്ഞത്.

അതേപോലെതന്നെ, കേരളത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് എല്ലായിടത്തും ജയിക്കുമെന്നും കോടിയേരി പറഞ്ഞു. പാലായിലെ വിജയം അഞ്ചിടത്തും ആവർത്തിക്കും, സർക്കാരിന്റെ വികസന പ്രവർത്തനങ്ങള്‍ ജനം കാണുന്നുണ്ടെന്നും അതിന്‍റെ ഫലം ഉണ്ടാകുമെന്നും കോടിയേരി വിവരിച്ചു.