മുഖ്യമന്ത്രി പാഷാണം വർക്കി; മഞ്ചേശ്വരത്ത് വിശ്വാസിയാകുമ്പോൾ മറ്റുള്ള മണ്ഡലങ്ങളിൽ നവോത്ഥാന നായകന്‍റെ പട്ടം എടുത്തണിയും: ചെന്നിത്തല

single-img
13 October 2019

കേരളത്തിന്റെ മുഖ്യമന്ത്രി പാഷാണം വർക്കിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മഞ്ചേശ്വരത്ത് എത്തുമ്പോള്‍വിശ്വാസിയാകുമ്പോൾ മറ്റുള്ള മണ്ഡലങ്ങളിൽ അദ്ദേഹം നവോത്ഥാന നായകന്‍റെ പട്ടം എടുത്തണിയും. എന്നാല്‍ ധൈര്യമുണ്ടെങ്കിൽ ശബരിമല യുവതീപ്രവേശനത്തിൽ സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുന്നുണ്ടോ എന്ന് മുഖ്യമന്ത്രി വീണ്ടും വ്യക്തമാക്കട്ടെ.

അതിനാല്‍ ഈ വിശ്വാസിയുടെയും നവോത്ഥാന നായകന്‍റെയും പട്ടം അങ്ങ് അഴിച്ചു വയ്ക്കുകയാണ് പിണറായിക്ക് നല്ലതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഉപതെരഞ്ഞെടുപ്പിലെ മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർത്ഥി ശങ്കർ റൈയെ ‘കപടഹിന്ദു’ എന്ന് വിളിച്ച ചെന്നിത്തലയ്ക്ക് എതിരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യമന്ത്രി ആഞ്ഞടിച്ചിരുന്നു. ‘ഹിന്ദുവിന്‍റെ അട്ടിപ്പേറവകാശം തന്‍റെ കക്ഷത്ത് ആരാണ് വച്ചു തന്നത്?’, എന്നായിരുന്നു പിണറായി ചോദിച്ചത്.

മുഖ്യമന്ത്രി പരസ്പരവിരുദ്ധമായ നിലപാടുകളാണ് മഞ്ചേശ്വരത്തും മറ്റ് നാല് മണ്ഡലങ്ങളും സ്വീകരിക്കുന്നത്. ശബരിമലയിൽ സ്വീകരിച്ച നിലപാട് തെറ്റിപ്പോയെന്ന് തുറന്നു പറയാൻ താങ്കൾ തയ്യാറാകാത്തത് എന്താണ്? അതായത് ഇപ്പോഴും സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്നല്ലേ അതിന്‍റെ അർത്ഥം? ശബരിമലയില്‍ മണ്ഡല – മകരവിളക്ക് കാലം വരാൻ പോവുകയാണ്. ആ സമയം യുവതികളെ കയറ്റാൻ അദ്ദേഹം തയ്യാറാകുമോ? അതിനുള്ള നടപടികളുമായാണോ മുഖ്യമന്ത്രി മുന്നോട്ടു പോകുന്നത്? – ചെന്നിത്തല ചോദിക്കുന്നു.

”മുഖ്യമന്ത്രിക്ക് ആകെ സമനില തെറ്റി. സ്ഥലജലവിഭ്രാന്തിയാണ്. ഇവിടൊന്നും പറയാതെ മഞ്ചേശ്വരത്ത് പോയി ഇത് പറ‍ഞ്ഞതിന്‍റെ അർത്ഥം ജനങ്ങൾക്ക് മനസ്സിലാകും”അതേപോലെ, എൻഎസ്എസ്സ് ശരിദൂരം പ്രഖ്യാപിച്ചപ്പോൾ ഇടത് നേതാക്കൾ അവർക്കെതിരായി. കിട്ടാത്ത മുന്തിരി പുളിക്കും എന്നതാണ് ഇടതിന്‍റെ സ്ഥിതി. ഇതുവരെ കോടിയേരി ഇതല്ലല്ലോ പറഞ്ഞത്. എൻഎസ്എസ് നിലപാട് യുഡിഎഫിന് അനുകൂലമാകും. എൻഎസ്എസ്സും മറ്റ് സാമൂഹ്യപ്രസ്ഥാനങ്ങളും സർക്കാരിന്‍റെ കപട നാടകം തിരിച്ചറിയുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.