ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനം അബദ്ധം; തുറന്ന്പറഞ്ഞ് ചന്ദ്രബാബു നായിഡു

single-img
13 October 2019

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനു മുമ്പായി ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍ നിന്നും ടിഡിപി പുറത്തുപോന്നത് അബദ്ധമായി എന്ന് തുറന്നുപറഞ്ഞ് തെലുങ്കുദേശം പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു. വെള്ളിയാഴ്ച്ച വിശാഖപട്ടണത്ത് നടന്ന പാര്‍ട്ടി മുതിര്‍ന്ന നേതാക്കളുമായുള്ള തെരഞ്ഞെടുപ്പ് അവലോകനത്തിലാണ് ചന്ദ്രബാബു നായിഡു ഇക്കാര്യം വെളിപ്പെടുത്തിയത്. സംസ്ഥാനത്തെ ജനങ്ങൾക്ക് വേണ്ടിയാണ് ടിഡിപി കേന്ദ്രസർക്കാരുമായും ബിജെപിയുമായും തെറ്റിയതെന്നും എന്നാൽ പാർട്ടിക്ക് ഇത്‌ നഷ്ടങ്ങൾ മാത്രമുണ്ടാക്കിയെന്നുമാണ് ചന്ദ്രബാബു നായിഡു പറയുന്നത് .

ഇപ്പോഴും എൻഡിഎയിൽ തുടർന്നിരുന്നെങ്കിൽ ചിത്രം വേറെ ആയേനെ എന്നും ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു പറഞ്ഞു. അതേപോലെ. കഴിഞ്ഞ തെലങ്കാന തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി കൈകോർത്തത് നഷ്ടകച്ചവടമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പാർട്ടികൾക്കും ഇതുകൊണ്ടു നഷ്ടമുണ്ടായി- പാർട്ടി അണികളോട് നായിഡു പറഞ്ഞു. തലസ്ഥാനമായ അമരാവതിയുടെ നിർമാണം, പൊളാവരം പദ്ധതി, പ്രത്യേക പദവി എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ക്യാബിനറ്റിൽ നിന്ന് മന്ത്രിമാരെ പിൻവലിച്ചത്.

സംസ്ഥാനത്താകെ വൈഎസ്ആർ കോൺഗ്രസ് പാർട്ടി ഒരുക്കിയ കെണിയിൽ നായിഡു വീഴുകയായിരുന്നുവെന്നാണ് ഇതേ കുറിച്ച് അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. ബിജെപിയോടൊപ്പം ഉള്ള മുന്നണി വിടാനുള്ള തീരുമാനം പരസ്യമാക്കുന്നതിന് മുൻപ് തിടുക്കത്തിൽ തീരുമാനമെടുക്കരുതെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഞങ്ങൾ വളരെ കഠിനാധ്വാനം ചെയ്തിട്ടും സംസ്ഥാനത്തെ ജനങ്ങൾ ഞങ്ങൾക്ക് മറ്റൊരു അവസരം നൽകാൻ വിസമ്മതിച്ചു- നായിഡു പറഞ്ഞു.

ആന്ധ്രാ വിഭജന കാലത്തേ ആന്ധ്രക്ക് പ്രത്യേക പദവി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറ‌ഞ്ഞിരുന്നെങ്കിലും പിന്നീട് കേന്ദ്രം വാക്കുമാറിയതോട കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ടിഡിപി എന്‍ഡിഎ വിടുകയായിരുന്നു.