ഭൂരിപക്ഷത്തിന്റെ മഹത്വമല്ല, ഞങ്ങള്‍ ഈ രാജ്യത്ത് സന്തോഷിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം ഭരണഘടന: അസദുദ്ദീന്‍ ഒവൈസി

single-img
13 October 2019

ഇന്ത്യയിൽ ഹിന്ദുക്കൾ ഉള്ളതിനാലാണ് മുസ്‌ലിങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നതെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്ക് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി മറുപടിയുമായി രംഗത്തെത്തി. ഹിന്ദു എന്ന പേരിട്ട് വിളിച്ചാലും തന്റെ ചരിത്രം മായ്ക്കാന്‍ മോഹന്‍ ഭാഗവതിനാകില്ലെന്ന് ഒവൈസി പറഞ്ഞു. സാമൂഹ്യമാധ്യമമായ ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഭാഗവതിന് രാജ്യത്തെ എന്റെ ചരിത്രം മായ്ക്കാനാകില്ല. ഞങ്ങളുടെ സംസ്‌കാരം, വിശ്വാസം, വ്യക്തിഗതമായ തിരിച്ചറിവുകള്‍ ഇവയൊന്നും ഹിന്ദുമതത്തില്‍ ഉള്‍ക്കൊള്ളണമെന്ന് പറയാന്‍ അദ്ദേഹത്തിന് കഴിയില്ല.’ അതേപോലെ, വിദേശത്തെ മുസ്‌ലിങ്ങളുമായി ഇന്ത്യന്‍ മുസ്‌ലിങ്ങളെ താരതമ്യം ചെയ്യുന്നതിനേയും ഒവൈസി വിമര്‍ശിച്ചു.

‘മോഹൻ ഭാഗവത് ഇന്ത്യന്‍ മുസ്‌ലിങ്ങളെ വിദേശ മുസ്‌ലിങ്ങളുമായി താരതമ്യം ചെയ്താല്‍ എനിക്കൊന്നുമില്ല. അത് എന്റെ ഇന്ത്യന്‍ എന്ന ഐഡിന്റിറ്റിയെ ബാധിക്കില്ല. ഹിന്ദു രാഷ്ട്രം എന്നാൽ ഹിന്ദു പരമാധികാരം എന്നാണര്‍ത്ഥം. അത് ഞങ്ങള്‍ക്ക് സ്വീകാര്യമല്ല. ഞങ്ങള്‍ ഇവിടെ സന്തോഷവാന്‍മാരാണെങ്കില്‍ അത് ഭരണഘടനയുടെ മഹത്വമാണ്, അല്ലാതെ ഭൂരിപക്ഷത്തിന്റെ മഹത്വമല്ല.’- ഒവൈസി പറഞ്ഞു.

ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ മുസ്ലീങ്ങള്‍ ഇന്ത്യയിലാണുള്ളതെന്നും ഇതിന് കടപ്പെടേണ്ടത് ഹൈന്ദവ സംസ്‌കാരത്തിനോടാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു.