ഓഹരികൾ വിറ്റഴിക്കാനുള്ള നീക്കത്തിനു മുന്നേ എയർ ഇന്ത്യയിൽ കൂട്ടരാജി

single-img
13 October 2019

ന്യൂഡൽഹി: ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയിൽ നിന്നും പൈലറ്റുമാർ കൂട്ടത്തോടെ രാജി വെയ്ക്കുന്നതായി റിപ്പോർട്ട്. അർഹമായ പ്രൊമോഷനും ശമ്പളവർദ്ധനവും ലഭിക്കാത്തതുമൂലമാണ് രാജി.

എ-320 എയർബസുകളിലെ 120 പൈലറ്റുമാരാണ് നിലവിൽ രാജി സമർപ്പിച്ചിരിക്കുന്നത്. എയർ ഇന്ത്യയുടെ പേരിലുള്ള 60,000 കോടിരൂപയുടെ കടം വീട്ടുന്നതിനായി എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാൺ`പൈലറ്റുമാരുടെ രാജിയെന്നത് ശ്രദ്ധേയമാണ്.

ശമ്പളവർദ്ധനവിനായും പ്രൊമോഷനായുമുള്ള ജീവനക്കാരുടെ നിരന്തര ആവശ്യങ്ങൾ എയർ ഇന്ത്യാ മാനേജ്മെന്റ് വകവെയ്ക്കാത്തതിനെത്തുടർന്നാണ് കൂട്ടരാജിയെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ സർപ്ലസ് പൈലറ്റുമാർ ഉള്ളതിനാൽ രാജി കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്ന് എയർ ഇന്ത്യ മാനേജ്മെന്റ് അറിയിച്ചു.

400 എക്സിക്യൂട്ടിവ് പൈലറ്റുമാരുൾപ്പടെ 2000 പൈലറ്റുമാരാണ് എയർ ഇന്ത്യയിൽ ജോലി ചെയ്യുന്നത്.