മൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസ്; 75ാം ദിവസം വിചാരണ പൂർത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

single-img
12 October 2019

മൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 75ാം ദിവസം വിചാരണ പൂർത്തിയാക്കി ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയുംവിധിച്ച് കോടതി. യുപിയിലെ കാൻപുർ നഗർ കോടതി ജഡ്ജിയാണ് ശിക്ഷ വിധിച്ചത്.കേസ് പരിഗണിച്ച ജഡ്‌ജ് വിജയ് രാജെ സിസോദിയയുടെ 22 പേജുള്ള വിധിയിൽ പ്രതി ഒടുക്കുന്ന അരലക്ഷം രൂപ പീഡനത്തിന് ഇരയായ പെൺകുട്ടിക്കാണെന്ന് വ്യക്തമാക്കുന്നു.

മാത്രമല്ല, ആർക്കും ചിന്തിക്കാൻ പോലും സാധിക്കാത്ത ഹീനകൃത്യമാണ് പ്രതി ചെയ്തതെന്നും അതിനാൽ കനത്ത ശിക്ഷ തന്നെ നൽകേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ജൂലൈ 27നാണ് സംഭവം നടന്നത്.

യുപിയിലെ ബിത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ രാധേയ് ശ്യാം രജ്‌പുത് എന്നയാൾക്കെതിരെ പോക്സോ നിയമത്തിലെ അഞ്ച്, ആറ് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

ഇരയായ പെണ്‍കുട്ടി മുത്തശിക്കൊപ്പം വയലിൽ മൃഗങ്ങളെ മേയ്ക്കാനെത്തിപ്പോള്‍ വയലിനോട് ചേർന്ന് കെട്ടിയ താത്കാലിക ഷെഡിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇവിടെനിന്നും കുട്ടിയുടെ കരച്ചിൽ കേട്ട് മുത്തശ്ശി ഓടിയെത്തിയപ്പോൾ പ്രതി ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു.

പിന്നീട് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പെട്ടെന്ന് തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. 12ഓളം സാക്ഷികളെയായിരുന്നു വിസ്തരിച്ചത്. തുടര്‍ന്ന് രണ്ടര മാസം കൊണ്ട് വിചാരണ പൂർത്തിയായി.

ഇരയായ പെൺകുട്ടി പ്രതിയെ തിരിച്ചറിയുകയും കോടതി മുറിയിൽ സംഭവം വിശദീകരിക്കുകയും ചെയ്തു. അതോടുകൂടി പ്രതി കുറ്റവാളിയെന്ന് കോടതിക്ക് പൂർണ്ണബോധ്യം വന്നു. വൈകാതെ തന്നെ കോടതി വിധി പ്രസ്താവിക്കുക കൂടി ചെയ്തതോടെ അത് രാജ്യത്തെ അടുത്ത കാലത്തെ രണ്ടാമത്തെ അതിവേഗ വിധിയായി.ഇതേപോലെ കഴിഞ്ഞ മാസം യുപിയിലെ തന്നെ ഔറേറിയ കോടതിയും പീഡനക്കേസിൽ അതിവേഗ വിധി പുറപ്പെടുവിച്ചിരുന്നു.

ആ കേസില്‍ കുറ്റപത്രം സമർപ്പിച്ച് ഒൻപതാം ദിവസമാണ് പീഡനക്കേസ് പ്രതി ശ്യാംവീർ സിംഗിനെ വധശിക്ഷയ്ക്ക് വിധിച്ചത്.