ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി സൈക്കോയെ പോലെ; വിമര്‍ശനവുമായി ചന്ദ്രബാബു നായിഡു

single-img
12 October 2019

ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജനവിരുദ്ധമാണെന്ന് മുന്‍ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാർട്ടി നേതാവുമായ ചന്ദ്രബാബു നായിഡു. മുഖ്യമന്ത്രി ഒരു സൈക്കോയെ പോലെ പെരുമാറുകയാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. ‘ആന്ധ്രയിൽ വൈഎസ്ആര്‍സിപി സർക്കാർ ജനവിരുദ്ധമായ കാര്യങ്ങളാണ് ചെയ്തുകൂട്ടുന്നത്.

മറ്റുള്ള പാര്‍ട്ടിയിലെ നേതാക്കളുടെ മേല്‍ അടിസ്ഥാനമില്ലാത്തതും നിയമപരമല്ലാത്തതുമായ കേസുകള്‍ കെട്ടിവെക്കുന്നതിനാണ് അവര്‍ക്ക് താത്പര്യം. സംസ്ഥാനത്തെ പോലീസും അതിന് കൂട്ടുനില്‍ക്കുകയാണ്. എന്നോട് നല്ലരീതിയില്‍ നില്‍ക്കുന്നവര്‍ക്ക് ഞാന്‍ നല്ലൊരാളാണ്. എന്നാൽ ജഗന്‍ ഒരു സൈക്കോയെ പോലെ പെരുമാറുകയാണ’.- ചന്ദ്രബാബുനായിഡു പറഞ്ഞു.

‘ജഗനെപ്പോലെ ഒരു മുഖ്യമന്ത്രിയെ ഞാന്‍ ഇതുവരെയും കണ്ടിട്ടില്ല. സർക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഞാന്‍ താക്കീത് ചെയ്തിരുന്നു. ഞങ്ങളുടെ പാര്‍ട്ടി നേതാക്കളെയാണ് ഇപ്പോൾ സർക്കാർ ലക്ഷ്യം വെച്ചിരിക്കുന്നത്. അത് ശരിയായ കാര്യമല്ല.’വിശാഖപട്ടണത്ത് ടിഡിപിയുടെ സ്ഥാനത്തെപറ്റി സംസാരിക്കവെ ചന്ദ്രബാബു നായിഡു കൂട്ടിച്ചേര്‍ത്തു.