കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരായ നിലപാട്; മലേഷ്യയില്‍ നിന്നും പാം ഓയില്‍ ഇറക്കുമതി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

single-img
12 October 2019

ജമ്മു കാശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ ഐക്യരാഷ്ട്ര സഭയുടെ പൊതു സഭയില്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് രൂക്ഷമായി വിമര്‍ശിച്ച പിന്നാലെ മലേഷ്യയില്‍ നിന്നുള്ള പാം ഓയില്‍ ഇറക്കുമതി നിര്‍ത്തലാക്കാന്‍ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ. നിലവിൽ മലേഷ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ പാം ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ്ഇന്ത്യ.

മലേഷ്യന്‍ പാം ഓയില്‍ ബോർഡ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2019 ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ 3.9 മില്യണ്‍ ടണ്‍ പാം ഓയിലാണ് മലേഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. ഇതിന് പകരമായി ഇന്ത്യയില്‍ നിന്നും പഞ്ചസാര മലേഷ്യയിലേക്ക് കയറ്റു മതിയും ചെയ്യുന്നുണ്ട്. ഓരോ വർഷവും 9 മില്യണ്‍ ടണ്‍ പാം ഓയിലാണ് മലേഷ്യയില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് വര്‍ഷം തോറും ഇറക്കു മതി ചെയ്യുന്നത്.

നിലവിൽ മലേഷ്യയെ ഒഴിവാക്കി പകരം ഇന്ത്യോനേഷ്യയില്‍ നിന്നും ഉക്രൈനില്‍ നിന്നും അര്‍ജന്റീനയില്‍ നിന്നുമുള്ള ഇറക്കുമതിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇപ്പോൾ സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്ന ഈ വിഷയത്തില്‍ അഭിപ്രായം പറയുന്നില്ല എന്നാണ് വ്യാപാര മന്ത്രാലയം പറയുന്നത്. ലോകത്തെ തന്നെ ഭക്ഷ്യ എണ്ണ ഇറക്കുമതിയില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയുടെ ഇറക്കുമതിയുടെ മൂന്നിലൊന്നും പാം ഓയിലാണ്.

കഴിഞ്ഞ മാസം നടന്ന യുഎന്‍ പൊതു സഭയില്‍ കശ്മീര്‍ വിഷയത്തില്‍ രൂക്ഷവിമര്‍ശനമായിരുന്നു മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് നടത്തിയത്.ജമ്മു കാശ്മീരില്‍ ഇന്ത്യയുടെ അധിനിവേശമാണ് കാണുന്നതെന്നും കാരണങ്ങളുണ്ടാകാമെങ്കിലും ഇത് ന്യായീകരിക്കാനാവില്ലെന്നും പാക്കിസ്ഥാനുമായി ചര്‍ച്ചചെയ്ത് പ്രശ്‌നം പരിഹരിക്കണമെന്നും മഹാതിര്‍ മുഹമ്മദ് പറഞ്ഞിരുന്നു.