സത്യം കേട്ടപ്പോൾ മുഖ്യമന്ത്രിയുടെ സമനില തെറ്റുന്നു; വിശ്വാസത്തിന്‍റെ പേര് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാനാണ് സിപിഎം ശ്രമം: ചെന്നിത്തല

single-img
12 October 2019

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ, ഹിന്ദുവിന്‍റെ അട്ടിപ്പേറവകാശം തന്‍റെ കക്ഷത്ത് ആരെങ്കിലും ഏൽപിച്ച് തന്നിട്ടുണ്ടോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചോദ്യത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടിയുമായി രംഗത്തെത്തി. നവോത്ഥാന നായകൻ എന്ന അട്ടിപ്പേറവകാശം കക്ഷത്ത് വക്കാനുള്ള മുഖ്യമന്ത്രിയുടെ മോഹം തകർന്നെന്നും അതിന് തന്‍റെ തലയിൽ കയറിയിട്ട് കാര്യമില്ല എന്നും ചെന്നിത്തല പറയുന്നു. മാത്രമല്ല, സത്യം പറഞ്ഞപ്പോൾ കള്ളിക്ക് തുള്ളൽ വരുന്നു എന്ന് പറയുന്ന പോലെ സത്യം കേട്ടപ്പോൾ മുഖ്യമന്ത്രിയുടെ സമനില തെറ്റുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഞ്ചേശ്വരത്തെ ഇടതു മുന്നണിയുടെ സ്ഥാനാർഥിയെ അപമാനിച്ചിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ശബരിമല ക്ഷേത്ര വിഷയത്തിൽ വിശ്വാസത്തെ ചവിട്ടി തേച്ച ശേഷം, വിശ്വാസത്തിന്‍റെ പേര് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാനാണ് സിപിഎം ശ്രമമെന്നും ചെന്നിത്തല പറഞ്ഞു.

ഇന്ന് നടന്ന ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേരളത്തിലെ പ്രതിപക്ഷനേതാവിന്‍റെ കക്ഷത്ത് ആരാണ് ഹിന്ദുവിന്‍റെ അട്ടിപ്പേറവകാശം വച്ച് തന്നതെന്ന് മുഖ്യമന്ത്രി പിണറായി ചോദിച്ചിരുന്നു. ചെന്നിത്തല മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരെ കപട ഹിന്ദു പ്രയോഗം നടത്തിയത് വർഗീയ കാർഡിറക്കാനുള്ള ശ്രമമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ശങ്കർ റൈയെ പോലെ ഒരു സ്ഥാനാർത്ഥി ഹിന്ദുവല്ലെന്നും കപട ഹിന്ദുവാണെന്നും പറയാനുള്ള അൽപത്തം എങ്ങനെയാണ് പ്രതിപക്ഷ നേതാവിന് വന്നതെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.