തൊഴിലാളികളുടെ ക്യാമ്പുകളില്‍ മദ്യവിതരണം; ബഹ്റൈനില്‍ പ്രവാസികള്‍ അറസ്റ്റില്‍

single-img
12 October 2019

തൊഴിലാളികളുടെ ക്യാമ്പുകളില്‍ മദ്യവിതരണം നടത്തിയതുമായി ബന്ധപ്പെട്ട് നിരവധി പ്രവാസികള്‍ ബഹ്റൈനില്‍ അറസ്റ്റിലായി. ബഹ്റൈനിലെ എകറിലെ ലേബര്‍ ക്യാമ്പില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മദ്യത്തിന്റെ വന്‍ശേഖരവും പിടിച്ചെടുത്തു.

ക്യാമ്പില്‍ നിരവധി തൊഴിലാളികള്‍ മദ്യപിച്ച് നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അമ്മാര്‍ അല്‍ മുക്താര്‍ എംപി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. മാത്രമല്ല, പബ്ലിക് പ്രോസിക്യൂഷനും ആഭ്യന്തര മന്ത്രാലയവും അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ പോലീസ് പരിശോധന നടത്തി നിരവധിപ്പേരെ പിടികൂടിയത്.

പ്രവാസികള്‍ അറസ്റ്റ് ചെയ്യപ്പെട്ട വിവരം ഹൂറ പോലീസ് സ്ഥിരീകരിച്ചു. പ്രദേശത്ത് മദ്യം കൈവശം വെയ്ക്കുന്നതും വില്‍പ്പന നടത്തുന്നതും സംബന്ധിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുകയായിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്.

നിലവില്‍ പിടിയിലായവര്‍ക്കെതിരെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഒരുതവണ മാത്രമുള്ള പരിശോധന കൊണ്ട് മദ്യവില്‍പ്പന അവസാനിക്കില്ലെന്നായിരുന്നു അമ്മാര്‍ എല്‍ മുക്താര്‍ എംപിയുടെ പ്രതികരണം.