കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ തട്ടിയെടുത്ത ശേഷം വയോധികയെ വൃദ്ധസദനത്തിലാക്കിയ സംഭവത്തിൽ ഇടപെട്ട് കേരള വനിതാ കമ്മീഷൻ

single-img
12 October 2019

തിരുവനന്തപുരം: പാലക്കാട് സ്വദേശിനിയായ എഴുപത് വയസ്സുള്ള വൃദ്ധയുടെ സ്വത്തുക്കൾ വിറ്റ പണം സഹോദരിയുടെ മക്കൾ കൈക്കലാക്കിയ സംഭവത്തിൽ കേരള വനിതാ കമ്മീഷൻ ഇടപെട്ടു.

കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ തട്ടിയെടുത്ത്‌ ഇവരുടെ കയ്യിലുണ്ടായിരുന്ന ആഭരണങ്ങളും എടുത്ത ശേഷം കൊല്ലം ചവറയിലെ വൃദ്ധസദനത്തിൽ വയോധികയെ ബന്ധുക്കൾ ഉപേക്ഷിക്കുകയായിരുന്നു.

വൃദ്ധയ്ക്ക് സൗജന്യ നിയമ സഹായം ഉറപ്പ് വരുത്തുമെന്നും ബന്ധുക്കൾ തട്ടിയെടുത്ത സ്വത്തുക്കൾ തിരിച്ചെടുക്കാൻ നിയമനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷൻ അംഗം അഡ്വ. എം. എസ്. താര അറിയിച്ചു.

മക്കളില്ലാത്ത വൃദ്ധ പത്തുവർഷം മുമ്പ് ഭർത്താവ് മരിച്ചതിനെ തുടർന്ന് സഹോദരിയുടെ മക്കളോടൊപ്പമായിരുന്നു താമസം. നട്ടെല്ലിന് അസുഖം ബാധിച്ചതിനാൽ പരസഹായമില്ലാതെ നടക്കാനാവാത്ത അവസ്ഥയിലാണ് ഇവർ.

കൊല്ലത്ത് പുതിയ വീട് വാങ്ങിയിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചാണ് വൃദ്ധസദനത്തിലാക്കിയത്.

സഹോദരിയുടെ മക്കൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അഡ്വ. എം. എസ് താര പറഞ്ഞു. ചവറയിലെ വൃദ്ധ സദനത്തിൽ കഴിയുന്ന വൃദ്ധയെ സന്ദർശിച്ച് മൊഴിയെടുക്കുമെന്നും കമ്മീഷൻ അംഗം അറിയിച്ചു.