മഹാബലിപുരം ഉച്ചകോടി: ഷീ ജിൻ പിംഗ് എത്തി; കനത്ത സുരക്ഷാ സന്നാഹങ്ങൾ

single-img
11 October 2019

ചെന്നൈ: ഇന്ത്യാ- ചൈന അനൗപചാരിക ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് തമിഴ്‍നാട്ടിലെത്തി. ചെന്നൈ വിമാനത്താവളത്തില്‍  തമിഴ്‍നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. അവിടെനിന്ന് ഉച്ചകോടി നടക്കുന്ന മഹാബലിപുരത്തേക്ക് അദ്ദേഹം പോയി.

തമിഴ്‌നാട് തലസ്ഥാനമായ ചെന്നൈയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള മഹാബലിപുരത്തെ താജ് കടലോര ഹോട്ടലിലാണ് ഷി ജിന്‍പിങ് താമസിക്കുക. നാളെ ഉച്ചകോടി നടക്കുന്നതും അതേ ഹോട്ടലില്‍ തന്നെയാണ്. ഇന്ന് രാവിലെ മഹാബലിപുരത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ ആ ഹോട്ടലിലാണുള്ളത്. ഇന്ന് വൈകിട്ട് മഹാബലിപുരത്തെ അര്‍ജുനശിലയ്ക്കു മുമ്പില്‍ വച്ച് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തും. ജമ്മു കശ്മീര്‍ വിഷയം മോദി-ജിന്‍പിങ് ചര്‍ച്ചയില്‍ വിഷയമാകുമെന്നാണ് സൂചന.

ചൈനീസ് പ്രസിഡന്റിന്റെ സന്ദർശനത്തോടനുബന്ധിച്ച് മഹാബലിപുരത്ത് 5000 പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. നാവികസേന, തീരസംരക്ഷണ സേന എന്നിവര്‍ മഹാബലിപുരത്തിന് സമീപത്ത് സുരക്ഷയൊരുക്കി യുദ്ധക്കപ്പലുകള്‍ വിന്യസിച്ചുകഴിഞ്ഞു. ഇരുനേതാക്കളുടെയും ചര്‍ച്ചയും സന്ദര്‍ശനവും കഴിയുന്നതുവരെ 800 സുരക്ഷാ ക്യാമറകളുടെ നിരീക്ഷണത്തിന്‍ കീഴിലായിരിക്കും പ്രദേശം.