പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് ബിഹാറില്‍ കേസ്; ഇവിടെ കുറേ പേർക്ക് ചൊറിച്ചിൽ എന്ന് സുരേഷ് ഗോപി

single-img
11 October 2019

‘ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയവർക്കെതിരെ ബിഹാറിൽ കേസെടുത്തതിന് ഇവിടെ കുറേ പേർക്ക് ചൊറിച്ചിൽ’ എന്ന് ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വട്ടിയൂർക്കാവിൽ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോട് അനുബന്ധിച്ച് കുടുംബയോഗത്തിൽ സംസാരിക്കവയെയായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമർശം.

വടക്കേന്ത്യയിൽ ദളിതരെ കൊല്ലുന്നെന്ന് പറഞ്ഞ് കേരളത്തിൽ ചിലർ കാട്ടാളക്കണ്ണീരൊഴുക്കുന്നുവെന്നും ഷുഹൈബിനെ കൊലപ്പെടുത്തിയപ്പോൾ എന്തേ ഈ തിളപ്പ് ഇല്ലാത്തതെന്നും സുരേഷ് ഗോപി ചോദിച്ചു. ഷുഹൈബ് ദളിതൻ അല്ലാതിരുന്നതാണോ കാരണമെന്നും താൻ ജാതി പറയുകയല്ലെന്നും സുരേഷ് ഗോപി പറഞ്ഞു അടുത്ത തവണ യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമലയിൽ നിയമനിർമാണം നടത്തുമെന്ന് രമേശ് ചെന്നിത്തലയുടെ വാഗ്ദാനത്തിനും സുരേഷ് ഗോപി മറുപടി പറഞ്ഞു.

ശബരിമല വിഷയത്തിൽ നിയമനിർമാണം കൊണ്ടുവരുമെന്ന് പറഞ്ഞ് ആരെങ്കിലും വഹിക്കാൻ ഇറങ്ങുന്നുണ്ടെങ്കിൽ അത് കൈ നനയാതെ മീൻ പിടിക്കുന്ന വർഗങ്ങളാണെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. ശബരിമല വിഷയത്തിൽ ഏറ്റവും യോഗ്യമായ തീരുമാനം വരിക കേന്ദ്ര സർക്കാരിൽ നിന്നാണെന്നും പ്രധാനമന്ത്രി അതിന് മുൻകൈ എടുക്കുമെന്നും, അതിന് സമയം എടുക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. അതേപോലെ തന്നെ എൻഎസ്എസിന്റെ വിയോജിപ്പ് മാറിക്കോളുമെന്നും ശരിദൂര നിലപാടിനെ സംബന്ധിച്ച് തനിക്ക് ഒന്നും പറയാൻ ഇല്ലെന്നും സുരേഷ് ഗോപി പറയുന്നു.