കാശ്മീർ ആഭ്യന്തര വിഷയം; ഇടപെടരുതെന്ന് ഡോണള്‍ഡ് ട്രംപിനോട് പ്രധാനമന്ത്രി മോദി പറഞ്ഞു: അമിത് ഷാ

single-img
11 October 2019

കാശ്മീർ എന്നത് ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും ഈ വിഷയത്തില്‍ ഇടപെടരുതെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനോട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിട്ടുണ്ടെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിലെ ബുല്‍ധാനയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അമിത്ഷാ ഇങ്ങിനെ പറഞ്ഞത്.

കാശ്മീർ ഇന്ത്യയുടെ ആഭ്യന്തരവിഷയം എന്ന നിലപാട് വര്‍ഷങ്ങളായി നമ്മള്‍ സ്വീകരിച്ചിട്ടുള്ളതാണ്. പുറമെ നിന്നും ഏതെങ്കിലും രാജ്യം വിഷയത്തില്‍ ഇടപെടാന്‍ ശ്രമിച്ചാല്‍ ഈ നിലപാട് നമ്മള്‍ വ്യക്തമാക്കാറുണ്ട്. അവിടെ ഒരു തലത്തിലുള്ള ഇടപെടലും സഹിക്കാനാകില്ല. അക്കാര്യത്തിൽ അമേരിക്കൻ പ്രസിഡന്റോ മറ്റാരെങ്കിലുമോ ആകട്ടെ, നിലപാട് ഒന്നുതന്നെയാണ്. ഈ വിവരം മോദി ട്രംപിനെ അറിയിച്ചിട്ടുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി.

ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെ കോൺഗ്രസും എൻസിപിയും എതിർത്തിരുന്നു. ഇരുകൂട്ടരോടും നിങ്ങള്‍ എന്താണ് കാശ്മീര്‍ വിഷയത്തിലെ നിലപാട് എന്താണെന്ന് ചോദിക്കണം- ജനങ്ങളോട് അമിത് ഷാ പറഞ്ഞു.

ജമ്മു കാശ്മീരിനെ ഇന്ത്യയുമായി ചേര്‍ക്കുമ്പോള്‍ ആര്‍ട്ടിക്കിള്‍ 370 വലിയ തടസമായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച ശേഷം കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ ഒരു പ്രധാനമന്ത്രിയും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ ധൈര്യം കാട്ടിയിട്ടില്ല, പക്ഷെ നരേന്ദ്രമോദി അത് ചെയ്തെന്നും അമിത് ഷാ പറഞ്ഞു.