നരേന്ദ്ര മോദിയ്ക്ക് ക്ഷേത്രം: നിർമ്മിക്കുന്നത് യുപിയിലെ മുസ്‍ലിം വനിതകള്‍

single-img
11 October 2019

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി മുസ്‍ലിം വനിതകള്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്. യുപിയിലെ മുസാഫര്‍ നഗറില്‍ നിന്നുള്ള ഒരു സംഘം സ്ത്രീകള്‍ ചേര്‍ന്നാണ് നരേന്ദ്രമോദിക്ക് വേണ്ടി ക്ഷേത്രം നിര്‍മ്മിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

രാജ്യത്തുള്ള മുസ്ലീം വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രധാനമന്ത്രി ഏറെ പദ്ധതികള്‍ നടപ്പിലാക്കിയെന്നും മുത്തലാഖ് ബില്ലിലൂടെ മുസ്‍ലിം വനിതകളുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടായതായും ക്ഷേത്രനിര്‍മ്മിക്കുന്നതിന് നേതൃത്വം നല്‍കുന്ന റൂബി ഖസ്നി പറയുന്നു.

‘ഇന്ത്യയിലെ മുസ്‍ലിം വനിതകള്‍ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്ത കാര്യങ്ങള്‍ വിലമതിക്കാന്‍ കഴിയാത്തത്രയാണ്. മുത്തലാഖ്നിയമത്തിലൂടെ ഞങ്ങളുടെ ജീവിതത്തില്‍ ഒരു വലിയ മാറ്റമാണ് അദ്ദേഹം കൊണ്ടു വന്നത്. മുസ്‌ലിം സ്ത്രീകളുടെ സുഗമമായ ജീവിതത്തിന് വേണ്ടി ഗ്യാസ് കണക്ഷന്‍ നല്‍കി. വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി. ലോകമാകെ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളെ വാഴ്ത്തുകയാണ്.

അതോടൊപ്പം അദ്ദേഹത്തിന്‍റെ സ്വന്തം രാജ്യവും അദ്ദേഹത്തെ ആദരിക്കണമെന്നാണ് ഞങ്ങള്‍ കരുതുന്നത്. ഞങ്ങള്‍ മുസ്‍ലിം സ്ത്രീകള്‍ പ്രധാനമന്ത്രി മോദിക്ക് ഒപ്പമുണ്ട്. അദ്ദേഹം ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ഞങ്ങളുടെ പിന്തുണയുമുണ്ട്. സ്വന്തം കൈവശമുള്ള പണമുപയോഗിച്ചായിരിക്കും അമ്പലത്തിന്‍റെ നിര്‍മ്മാണം. പ്രധാനമന്ത്രിയെഒരിക്കലും മുസ്‍ലിം വിരുദ്ധനായി മുദ്രകുത്താന്‍ പാടില്ലെന്നും സംഘത്തിന്‍റെ നേതാവായ റൂബി ഖസ്നി കൂട്ടിച്ചേര്‍ത്തു.